പുതിയ അംഗങ്ങളുടെ ആദ്യപൊതുയോഗം ചേര്‍ന്നു
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അംഗങ്ങളുടെ ആദ്യയോഗം ഇന്ദിരാ ഭവനില്‍ ചേര്‍ന്നു. എ.ഐ.സി.സി അംഗങ്ങളെയും കെ.പി.സി.സി പ്രസിഡന്റിനേയും തീരുമാനിക്കാനുള്ള ചുമതല കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് നല്‍കി പ്രമേയം പാസാക്കി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പിന്താങ്ങി.
എ.ഐ.സി.സി തെരഞ്ഞെടുപ്പിന്റ തിയതി പ്രഖ്യാപിക്കാത്തതിനാല്‍ രാഹുല്‍ഗാന്ധിയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല.
ഇരുപത് മിനുട്ട് നീണ്ടുനിന്ന യോഗത്തില്‍ സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായി.
സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് അദ്ദേഹം അറിയിച്ചു. 33.84 ലക്ഷം പ്രാഥമിക അംഗങ്ങളുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ എന്നിവര്‍ ആദ്യയോഗത്തിനെത്തിയില്ല.
അതേസമയം, കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിച്ചിട്ടും പരാതികള്‍ തുടരുകയാണ്. കൊല്ലം ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തതും 45 വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതും വിമര്‍ശനവിധേയമായിട്ടുണ്ട്. കൊല്ലത്തുനിന്നു കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധിയെ പന്തളം ബ്ലോക്കില്‍ നിന്നു ഭാരവാഹിയാക്കിയതും അതൃപ്തിക്കിടയാക്കി.
304 പേരടങ്ങുന്ന പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്.
ഇതില്‍ 282 പേര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളാണ്. ഏഴ് പേര്‍ മുന്‍ അധ്യക്ഷന്‍മാരും പതിനഞ്ച് പേര്‍ എം.എല്‍.എമാരുമാണ്. വരും ദിവസങ്ങളില്‍ പട്ടികയില്‍ വിപുലീകരണമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."