വിമാനം തട്ടിക്കൊണ്ടുപോകുമെന്ന യുവാവിന്റെ ഭീഷണിയ്ക്കു പിന്നില്‍ പ്രണയമെന്ന് സൂചന
അഹമ്മദാബാദ്: മുംബൈയില്‍ നിന്നു ഡല്‍ഹിയ്ക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടേണ്ടിവന്ന സംഭവത്തിനു പിന്നില്‍ പ്രണയമെന്ന് സൂചന. തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയുണ്ടായതാണ് വിമാനം അടിയന്തരമായി വഴിതിരിച്ചുവിടാന്‍ കാരണമെന്നു വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രാഥമികാന്വേഷണത്തിലാണ് ഇതിനുപിന്നില്‍ പ്രണയത്തിന്റെ ചുരുള്‍ ഉള്ളതായ വിവരം ലഭിച്ചത്.
വിമാനം തിരിച്ചുവിടേണ്ടിവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടിയിലായ 37കാരനായ ബിര്‍ജു കിഷോര്‍ സല്ല, ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ജീവനക്കാരിക്ക് വിമാനക്കമ്പനിയിലെ ജോലി നഷ്ടപ്പെടുമെന്നും അതേതുടര്‍ന്ന് അവര്‍ തന്റെ സ്ഥാപനത്തില്‍ ജോലി തേടി എത്തുമെന്നും പ്രതീക്ഷിച്ചാണ് യുവാവ് ഭീഷണി മുഴക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ ഇയാള്‍ വിമാനത്തില്‍ യാത്രചെയ്യുകയും ഭക്ഷണത്തില്‍ പാറ്റയെ കണ്ടുവെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഹമ്മദാബാദ് പൊലിസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.
മുംബൈയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.55ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം 3.45നാണ് അഹമ്മദാബാദില്‍ ഇറക്കിയത്. ഭീഷണിയടങ്ങുന്ന കുറിപ്പ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയത് എയര്‍ ഹോസ്റ്റസാണ്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. വിമാനം പാക് അധീന കശ്മിരിലേക്ക് പറത്തണമെന്നും വ്യക്തമാക്കിയിരുന്നു. വിമാനം അഹമ്മദാബാദില്‍ ഇറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ ഭീഷണിക്കത്ത് വ്യാജമാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."