നവജാത ശിശുക്കളുടെ മരണം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ശക്തമായിരിക്കെ ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി നവജാത ശിശുമരണം.
ഒരു ദിവസം മാത്രം ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ച സംഭവം പുറത്തുവന്നതിനു പിന്നാലെ മൂന്നു ദിവസങ്ങളിലായി മൊത്തം 20 പിഞ്ചുകുട്ടികള്‍ കൂടി മരിച്ചതായ വെളിപ്പെടുത്തലുണ്ടായതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
അഹമ്മദാബാദിലെ പ്രശസ്തമായ സിവില്‍ ആശുപത്രിയിലാണ് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ 20 ശിശുക്കള്‍ മരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിജയ് രുപാനി രാജിവയ്ക്കണമെന്നും കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജെയ്‌വീര്‍ ഷെര്‍ഗില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പ്രഭാഷണ പരിപാടിയായ മന്‍കിബാത്തില്‍ രാജ്യത്തുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പരാമര്‍ശിക്കാന്‍ മോദി തയാറാകുന്നില്ല. രാജ്യത്തെ വേദനയനുഭവിക്കുന്ന കുടുംബങ്ങളെ അവഗണിക്കുകയാണ് മോദി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം നിരാശാജനകമായ ആത്മഭാഷണമായിരുന്നു. രാജ്യം നേരിടുന്ന യഥാര്‍ഥ വസ്തുതയെ അദ്ദേഹം തമസ്‌കരിക്കുന്നതായിരുന്നു ഇത്. നവജാത ശിശുക്കള്‍ മരിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിക്കുന്ന കുടുംബങ്ങളെക്കുറിച്ച് മനസിലാക്കുന്നില്ല എന്നു മാത്രമല്ല തന്റെ ഹൃദയത്തില്‍ നിന്ന് ഈ ദുരന്തത്തെ പറിച്ചെറിയുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മന്‍കിബാത്തില്‍ അദ്ദേഹം രാജ്യത്തോട് മാപ്പപേക്ഷിക്കുകയാണ് വേണ്ടിയിരുന്നത്, പ്രത്യേകിച്ചും മരിച്ച നവജാത ശിശുക്കളുടെ മാതാപിതാക്കളോട്. സംസ്ഥാന ഭരണത്തിന്റെ തെറ്റായ നടപടിയാണ് നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഷെര്‍ഗില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."