കാഞ്ഞങ്ങാട് നഗരസഭ ലഭിച്ചത് 18 കോടി, ചിലവഴിച്ചത് എട്ട് മാത്രം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 കോടി രൂപ വിനിയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഏഴ് കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാഞ്ഞങ്ങാട് നഗരസഭക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്നു വികസന ഫണ്ട്, സംരക്ഷണ ഗ്രാന്റ്, ലോകബാങ്ക് ധനസഹായം, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നീ ഇനങ്ങളില്‍ 18 കോടി രൂപയാണ് ലഭിച്ചത്. സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാത്തതിനാല്‍ 10 കോടി 40 ലക്ഷം രൂപ നഷ്ടമായതെന്ന് 2016-17 വര്‍ഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 366 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും 86 പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കിയത്.
278 പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ 27 മരാമത്ത് പ്രവര്‍ത്തികള്‍ മാത്രമാണ് നടന്നത്. ഈ ഇനത്തില്‍ അനുവദിച്ച 33 കോടി രൂപയില്‍ നിന്ന് രണ്ടരക്കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്താമായിരുന്ന തുകയാണ് പദ്ധതി നിര്‍വഹണത്തിലെ കാര്യക്ഷമത ഇല്ലായ്മയും വേഗതക്കുറവും കാരണം നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെ കുടിവെള്ള വിതരണത്തിന്റെ പേരില്‍ ചെലവഴിച്ച തുകയെപ്പറ്റിയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ട്. അതിനിടെ സംസ്ഥാന ഓഡിറ്റ് ചര്‍ച്ച ചെയ്യാന്‍ രണ്ടിന് രാവിലെ 10.30ന് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് വിവാദമായിട്ടുണ്ട്. കൗണ്‍സില്‍ യോഗ ദിവസം രാവിലെ 11നാണ് കാഞ്ഞങ്ങാട്ട് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് സ്വീകരണമൊരുക്കിയിട്ടുള്ളത്. അതിനാല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ കൗണ്‍സില്‍മാരുടെ പ്രാതിനിധ്യം കുറക്കാന്‍ വേണ്ടി ബോധപൂര്‍വം സ്വീകരണ സമയത്ത് യോഗം വിളിച്ചതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പൂര്‍ണമായും എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടന്ന പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന. 10 ദിവസം മുന്‍പാണ് കേരള സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭക്ക് ലഭിച്ചത്. ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് അടക്കം സഭ ചര്‍ച്ച ചെയ്യണമെന്ന് ചട്ടമുണ്ട്. എന്നാല്‍ 2015-16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷം രണ്ടാഴ്ച മുന്‍പ് ചര്‍ച്ചക്കെടുത്തത് ബഹളത്തിനും കൈയാങ്കളിക്കും ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."