അറവു മാലിന്യങ്ങള്‍ തെരുവില്‍ തള്ളുന്ന മാഫിയാ സംഘത്തെ പിടികൂടാനാകാതെ അധികാരികള്‍
പള്ളിക്കല്‍: അറവു മാലിന്യങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാഫിയാ സംഘത്തെ പിടികൂടാനാവാതെ അധികാരികള്‍. റോഡോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവു കാഴ്ചയായി മാറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട രീതിയില്‍ അന്വാഷണം നടത്താനൊ പ്രതികളെ പിടികൂടാനോ തയാറാകുന്നില്ലായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോഴിയവശിഷ്ടങ്ങളും ഇറച്ചി വില്‍പന ശാലയിലെ അറവു മാലിന്യങ്ങളുള്‍പ്പെടെയുള്ള ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളാണ് ദിനേനയെന്നോണം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തള്ളുന്നത്. പൊലിസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും തികഞ്ഞ അനാസ്ഥയാണ് പൊതുസ്ഥലങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കോഴിക്കടകളുള്‍പ്പെടെയുള്ള അറവു ശാലകളില്‍ നിന്നും ചാക്കുകള്‍ക്ക് നിശ്ചിത തുക ഈടാക്കി മാലിന്യങ്ങള്‍ ശേഖരിച്ച് കൊണ്ട് പോകുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. കിലോ മീറ്ററുകള്‍ ദൂരത്തുള്ള മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോകേണ്ട മാലിന്യങ്ങളാണ് പൊതു ജനത്തിന് ദുരിതമാകും വിധം റോഡോരങ്ങളിലും റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഒഴിഞ്ഞ പറമ്പുകളിലും തള്ളപ്പെടുന്നത്. ഇന്നലെ ദേശീയ പാത ഇടിമുഴിക്കലിനടുത്ത് തിരുവങ്ങാട് ക്ഷേത്ര റോഡിന് സമീപം നൂറോളം വരുന്ന മാലിന്യ ചാക്കുകളാണ് തള്ളപ്പെട്ടത്. സമാന രീതിയില്‍ ഒരുമാസത്തിനുള്ളില്‍, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലെ റോഡോരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പറമ്പകളിലുമായി തള്ളപ്പെട്ടത് മാലിന്യം കാണപ്പെട്ട് സ്ഥലത്ത് തന്നെ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു.
ഇത് മൂലം ഇത്തരം സ്ഥലങ്ങളില്‍ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഇരുട്ടിന്റെ മറവില്‍ അധികൃതരെയും ജനങ്ങളെയും വെല്ലു വിളിക്കും വിധം മാലിന്യം തള്ളുന്ന മാഫിയാ സംഘത്തെ പിടികൂടി നടപടിയെടുക്കാന്‍ പൊലിസും ബന്ധപ്പെട്ട് അധികാരികളും തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം മാഫിയാ സംഘത്തെ നേരിടാന്‍ ജനങ്ങള്‍ക്കിറങ്ങേണ്ടി വരുമെന്നും നാട്ടുകാര്‍ മുന്നറഫിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."