സഊദിയില്‍ സ്ത്രീകള്‍ക്ക് സ്പോര്‍ട്സ് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കും
റിയാദ്: സഊദിയില്‍ സ്ത്രീകള്‍ക്ക് കുടുംബസമേതം സ്പോര്‍ട്സ് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനം. രാജ്യത്തെ പ്രധാന മൂന്നു പ്രവിശ്യകളിലെ സ്റ്റേഡിയങ്ങളിലാണു വനിതകള്‍ക്കു പ്രവേശനം അനുവദിക്കുക. ജനുവരി മുതല്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി ആദ്യത്തോടെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ട്വിറ്ററില്‍ പറഞ്ഞു. സഊദിയില്‍ വനിതകള്‍ക്കു കൂടുതല്‍ രംഗത്തേക്ക് കടന്നുവരാന്‍ അടുത്തിടെ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങളിലും വനിതകള്‍ക്ക് അനുമതി നല്‍കുന്നത്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക താല്പര്യപ്രകാരം നേരത്തെ സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വനിതകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നു. സഊദി വിഷന്‍ 2030ന്റെ ഭാഗമായി സ്ത്രീകളെ വിവിധ തലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഊദി ഭരണകൂടം വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."