തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സമ്മതിച്ച് കാറ്റലന്‍ പാര്‍ട്ടികള്‍ കാര്‍ലെസ് പ്യൂഗ്ഡിമോന്റ് രാജ്യം വിട്ടു
ബാഴ്‌സലോണ: സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിസംബര്‍ 21ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കാറ്റലന്‍ സ്വാതന്ത്ര്യവാദി പാര്‍ട്ടികള്‍ അംഗീകരിച്ചു. അതോടെ പ്രദേശത്തിന്റെ മേലുള്ള ദേശീയ സര്‍ക്കാറിന്റെ അധികാരം ശക്തിപ്പെട്ടിരിക്കുകയാണ്. പ്രാദേശിക സര്‍ക്കാരിനെ പുറത്താക്കിയ നടപടിയെ ഫലത്തില്‍ അംഗീകരിക്കുന്നതാണ് കാറ്റലന്‍ പാര്‍ട്ടികളുടെ തീരുമാനം.
അതിനിടെ, പുറത്താക്കപ്പെട്ട കാറ്റലന്‍ പ്രസിഡന്റ് കാര്‍ലെസ് പ്യൂഗ്ഡിമോന്റ് രാഷ്ട്രീയാഭയം തേടി ബെല്‍ജിയത്തിലേക്കു കടന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്യൂഗ്ഡിമോന്റിനൊപ്പം സര്‍ക്കാരിലുണ്ടായിരുന്ന മറ്റ് അഞ്ചു പ്രതിനിധികളും രാജ്യം വിട്ടതായാണു വിവരം. സ്‌പെയിന്‍ വേട്ടയാടുകയാണെങ്കില്‍ പ്യൂഗ്ഡിമോന്റിനും സഹപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയാഭയം നല്‍കാന്‍ തങ്ങള്‍ തയാറാണെന്ന് ബെല്‍ജിയം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രാജ്യത്തുള്ള കാറ്റലന്‍ നേതാക്കളെ വിവിധ കേസുകളില്‍പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം സ്പാനിഷ് അധികൃതര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാറ്റലന്‍ നേതാക്കള്‍ക്കെതിരേ സ്പാനിഷ് അറ്റോര്‍ണി ജനറലും പ്രോസിക്യൂട്ടറുമായ ജോസ് മാന്വല്‍ മാസ കലാപം കൂട്ടല്‍, രാജ്യദ്രോഹം, സാമ്പത്തിക തട്ടിപ്പ്, പൊതുസ്വത്ത് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സ്‌പെയിനിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് വിഘടവാദികള്‍ നിസഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ജോലിക്കെത്തി. കാറ്റലോണിയയില്‍ സ്വാതന്ത്ര്യ കാംപയിനിനു നേതൃത്വം നല്‍കിയ പ്രധാന സാമൂഹിക സംഘടനകള്‍ ഇന്നലെ വ്യാപകമായ പൊതുനിസഹകരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."