കാര്‍ബണ്‍ വാതകത്തിന്റെ തോതില്‍ റെക്കോര്‍ഡ് വര്‍ധന
ജനീവ: ഭൂമിയുടെ ഉപരിതലത്തിലുള്ള കാര്‍ബണ്‍ വാതകത്തിന്റെ തോത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി തോതിന് 50 ഇരട്ടി വര്‍ധനവാണ് 2016ല്‍ മാത്രം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.എന്നിനു കീഴിലുള്ള വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലാണു ലോകത്തെ ഭീതിയിലാക്കുന്ന കണക്കുകളുള്ളത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും എല്‍നിനോ കാലാവസ്ഥാ പ്രതിഭാസവും കാരണം എട്ടു ലക്ഷം വര്‍ഷങ്ങളായി ഭൂമി ദര്‍ശിക്കാത്ത തോതിലുള്ള കാര്‍ബണ്‍ വാതകതോതാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്ന് ഡബ്ല്യു.എം.ഒ ശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാട്ടി. ആഗോള താപനിലയുടെ ലക്ഷ്യങ്ങളെ അപ്രാപ്യമാക്കിത്തീര്‍ക്കുന്നതാണ് ഇതെന്നു സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.
51 രാജ്യങ്ങളിലെ തോത് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആഗോളതാപനത്തിനിടയാക്കുന്ന കാര്‍ബണ്‍ വാതകം, മീഥൈന്‍, നിട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങളുടെ മൊത്തം കണക്കെടുത്താണു ഗവേഷക സംഘം ഞെട്ടിപ്പിക്കുന്ന നിഗമനത്തിലെത്തിയത്. സമുദ്രങ്ങളും ജൈവമണ്ഡലങ്ങളും അടക്കം ആഗിരണം ചെയ്തശേഷം ഉപരിതലത്തില്‍ ബാക്കിയായതിന്റെ കണക്കാണ് ഡബ്ല്യു.എം.ഒ പുറത്തുവിട്ടത്. 2016ല്‍ ശരാശരി 403.3 പി.പി.എം (മൂലകങ്ങളെ അളക്കാന്‍ ആശ്രയിക്കുന്ന മാപിനിയായ പാര്‍ട്‌സ് പെര്‍ മില്യന്‍) കാര്‍ബണ്‍ വാതകങ്ങളുടെ ഏകീകരണമുണ്ടായതായി ഡബ്ല്യു.എം.ഒയുടെ ഗ്ലോബല്‍ അറ്റ്‌മോസ്ഫിയര്‍ വാച്ച് പ്രോഗാം മേധാവി ഡോ. ഒക്‌സാന തരാസോവ പറഞ്ഞു. സമുദ്രനിരപ്പില്‍ 20 മീറ്റര്‍ ഉയര്‍ച്ചയ്ക്കിടയാക്കുന്നതാണിത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിതെന്ന് അവര്‍ പറഞ്ഞു.
ഇതിനു മുന്‍പ് 1997-1998 കാലയളവിലുണ്ടായ 2.7 പി.പി.എം ആയിരുന്ന ഏറ്റവും ഉയര്‍ന്ന തോത്. അതും തൊട്ടുമുന്‍പുള്ള 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതായിരുന്നു. അഞ്ചുവര്‍ഷം തോറും പസഫിക് സമുദ്രത്തിലെ ചൂട് ഗണ്യമായി വര്‍ധിച്ചുണ്ടാകുന്ന പ്രതിഭാസമായ എന്‍നിനൊ തന്നെയാണ് കാര്‍ബണ്‍ വാതകങ്ങളുടെ വര്‍ധനവില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത്.
മനുഷ്യനിര്‍മിത ഉറവിടങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗണ്യമായി കുറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."