16 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ സംഭവം: മൂന്ന് കാമറൂണ്‍ സ്വദേശികള്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരിലെ ഹോട്ടലില്‍ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് വിദേശികള്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര(52), സിമോ ഫോട്സോ വിക്ടര്‍(49), ടെനെ ഫോങ്കോ ഗുസ്താവെ ജൂലിസ് ബോലിസ്(42) എന്നിവരാണ് ബംഗളൂരുവില്‍ വച്ച് ഷാഡോ പൊലിസിന്റെ പിടിയിലായത്.
6,32,000 രൂപയുടെ കള്ളനോട്ടുകളും ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, സ്കാനര്‍, കംപ്യൂട്ടര്‍ എന്നിവയടക്കമാണ് പ്രതികള്‍ പിടിയിലായത്. തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ രാഹുല്‍ ആര് നായറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഈസ്റ്റ് സി.ഐ, സിറ്റി ഷാഡോ പൊലിസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാത്രി തൃശൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ രണ്ട് വിദേശികളും മലയാളിയായ ഒരാളും കൊണ്ടുവന്ന ബാഗില്‍ നിന്നാണ് 16 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും ഇവ നിര്‍മിക്കാനുള്ള ഗുണനിലവാരമുള്ള കടലാസുകളും കണ്ടെത്തിയത്. തൃശൂര്‍ ജില്ലയില്‍ കള്ളനോട്ട് വിതരണത്തിനെത്തിയ ഇവര്‍ ഹോട്ടലില്‍ പൊലിസിന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയം തോന്നി ബാഗുപേക്ഷിച്ച് മുറി വാടകയ്ക്കെടുക്കാതെ രക്ഷപ്പെടുകയായിരുന്നു. ഹോട്ടലധികൃതര്‍ വിവരമറിയിച്ചതോടെ പൊലിസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളും മറ്റും കണ്ടെടുക്കുന്നത്. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. സംഘത്തിലെ മലയാളിയായ തൃശൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി വാഴൂര്‍ വീട്ടില്‍ അശോകനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
തൃശൂര്‍ ഈസ്റ്റ് സി.ഐ കെ.സി സേതു, എസ്.ഐ സിജോ, ഷാഡോ പൊലിസ് അംഗങ്ങളായ എസ്.ഐ വി.കെ അന്‍സാര്‍, എ.എസ്.ഐമാരായ പി.എം റാഫി, എന്‍.ജി സുവ്രതകുമാര്‍, സീനിയര്‍ സി.പി.ഒ കെ ഗോപാലകൃഷ്ണന്, സി.പി.ഒമാരായ ടി.വി ജീവന്, പി.കെ പഴനിസ്വാമി, എം.എസ് ലിഗേഷ്, വിപിന്‍ദാസ് കെ.ബി, ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."