ഫേസ്ബുക് സൗഹൃദം: വിദ്യാര്‍ഥിനി പഴയങ്ങാടിയിലെത്തി
പഴയങ്ങാടി: കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി ഫേസ്ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെതേടി പഴയങ്ങാടിയിലെത്തി. ബസ് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി അന്വേഷണത്തിനിടെ ബസ് സ്റ്റാന്‍ഡിനടുത്തുവച്ച് കണ്ണപുരം സ്വദേശിനിയെ പരിചയപ്പെടുകയും വഴി ചോദിക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയുടെ സംഭാഷണത്തില്‍ സംശയം തോന്നിയ ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ ഒടുവില്‍ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തനിക്ക് ബാംഗ്ലൂരിലേക്കാണ് പോകേണ്ടതെന്നും ഫേസ്ബുക്ക് വഴി ഒരാളെ പരിചയപ്പെട്ടിരുന്നുവെന്നും അയാളെ കാണാനാണ് വീട് വിട്ട് ഇറങ്ങിയതെന്നും ഒടുവില്‍ യാത്രാമധ്യേ ഫേസ്ബുക്ക് വഴി കാമുകന് തന്നെ വേണ്ടെന്ന് പറഞ്ഞെന്നും വിദ്യാര്‍ഥിനി പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് പോകില്ലെന്നും ചേച്ചിയുടെ വീട്ടില്‍ ഒരുദിവസം തങ്ങാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കണ്ണൂരിലെ ഒരു ഫാന്‍സി കടയില്‍ ജോലി ചെയ്യുന്ന യുവതി പെണ്‍കുട്ടിയെ കൂടെ കൂട്ടി വൈകിട്ടോടെ കണ്ണപുരം എസ്.ഐ ധനഞ്ജയദാസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലിസ് സ്റ്റേഷനിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ ഇന്നലെ രാത്രി തന്നെസ്റ്റേഷനിലെത്തി വിദ്യാര്‍ഥിനിയെ കൂട്ടികൊണ്ടുപോയി. പെണ്‍കുട്ടിയുടെ കാമുകന് പ്രവാസിയാണെന്നാണ് മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."