ജില്ലയില്‍ പരക്കെ അക്രമം: പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു
കണ്ണൂര്‍: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ വിവിധകക്ഷി പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ വ്യാപക അക്രമം. കോണ്‍ഗ്രസ് ഓഫിസായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് പട്ടുവത്തെ രാജീവ്ഭവന്‍ തീവച്ചു നശിപ്പിച്ചു. കാടാച്ചിറ മമ്മാക്കുന്നിലെ കളപ്പുര മുക്കില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരവും രണ്ടുകിലോമീറ്റര്‍ അപ്പുറമുള്ള മേലൂരിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസും തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് വ്യാപക അക്രമം അരങ്ങേറിയത്.
പരതേനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്‍ നല്‍കിയ ഭൂമിയില്‍ രാജീവ്ഭവന്‍. പണി പൂര്‍ത്തിയാകാറായ കെട്ടിടത്തില്‍ താല്‍ക്കാലികമായി കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചുവരികയാണ്. കെട്ടിടത്തിലെ താല്‍ക്കാലിക വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് അക്രമികള്‍ തീയിട്ടത്. നിര്‍മാണത്തിനായി സൂക്ഷിച്ച മരഉരുപ്പടികളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. കെട്ടിടത്തിനു സമീപമുള്ള വീട്ടിലെ ഗൃഹനാഥന്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് തീപടര്‍ന്നത് കണ്ടത്. ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും ഇവര്‍ തീയണക്കുകയുമായിരുന്നു.
യു.ഡി.എഫ് പടയൊരുക്കത്തിന്റെ പ്രചാരണാര്‍ഥം മുള്ളൂല്‍ വായനശാലയ്ക്കു സമീപം അധികാരക്കടവ്, കൂത്താട്ട്-കടുക്കുന്ന്, കുഞ്ഞിമതിലകം എന്നിവടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ രാജീവന്‍ കപ്പച്ചേരിയുടെ വീട്ടിലേക്കുള്ള വഴിയില്‍ കൊടിയും ഫഌക്‌സ് ബോര്‍ഡും കൊണ്ടിട്ടു. തളിപ്പറമ്പ് പൊലിസ് കേസെടുത്തു. കാവിന്‍മുനമ്പ്-ചെറുകുന്ന് പാലം നിര്‍മാണത്തിന് വലിയതോതില്‍ പുഴ നികത്താനുള്ള നീക്കത്തിന്റെ വിവരങ്ങള്‍ സമൂഹത്തെ അറിയിക്കുകയും അതിനെതിരേ പുഴക്കൊക്കുകള്‍ കൂട്ടായ്മ രൂപീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാട്ടുകാരെ അണിനിരത്തി സമരപ്രഖ്യാപനവും നടത്തിയത് പ്രദേശത്തെ സി.പി.എം നേതൃത്വത്തെ പ്രകോപിതരാക്കിയിരുന്നു. ഇതും അക്രമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
ധര്‍മ്മടത്തെ മേലൂരിലും കാടാച്ചിറയിലെ മമ്മാക്കുന്നിലും സി. പി.എം ഓഫിസുകളാണ് തകര്‍ത്തത്. മമ്മാക്കുന്ന് കളപ്പുരമുക്കിലുള്ള അഴീക്കോടന്‍ സ്മാരക മന്ദിരത്തിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നത്. ഓടുമേഞ്ഞ ഇരുനില വാടക കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനവും മുകളില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസും അഴീക്കോടന്‍ ക്ലബുമാണ് പ്രവര്‍ത്തിക്കുന്നത്. മുറിയുടെ വാതിലുകള്‍ തകര്‍ത്തു അകത്തുകയറി അക്രമികള്‍ ടി.വി, കസേര, മേശ, ഫാന്‍ എന്നിവ പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. മരണവീടുകളും മറ്റും സഹായമായി ക്ലബ് നല്‍കിവരുന്ന കസേരകളാണ് നശിപ്പിച്ചത്. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി നസീര്‍ പൊലിസില്‍ പരാതി നല്‍കി.
മമ്മാക്കുന്നില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മേലൂരില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയും അക്രമം നടന്നു. ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വാതില്‍ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനല്‍പ്പാളികള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു സി.പി.എം ആരോപിച്ചു. ധര്‍മ്മടം പൊലിസ് കേസെടുത്തു.
പാനൂര്‍ പൊയിലൂരിലെ സി. പി.എം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സ്മാരക സ്തൂപം തകര്‍ത്തതായും ആരോപണമുണ്ട്. സി.പി.എം ലോക്കല്‍ സമ്മേളനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അക്രമമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."