വ്യാപാരികളുടെ കടകള്‍ അടച്ചുള്ള സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
കല്‍പ്പറ്റ: സര്‍ക്കാരിന്റെ വിവിധ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ വ്യാപാരികള്‍ നാളെ കടകള്‍ അടച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിന് മുന്നോടിയായി കഴിഞ്ഞമാസം 25ന് എറണാകുളത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തിയിരുന്നു. രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയിലെ വ്യാപാര ദ്രോഹ വ്യവസ്ഥകളും അപാകതകളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കുന്ന വ്യാപാരികളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വാടക കുടിയാന്‍ നിയമം കാലോചിതമായി പരിഷ്‌കരിച്ച് നടപ്പാക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ പരിധിയില്‍ നിന്ന് ചെടുകിട വ്യാപാരികളെ ഒഴിവാക്കുക, ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന കേന്ദ്രനിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന പ്രക്ഷോഭങ്ങള്‍ക്ക് വ്യാപാരി സംഘടന തുടക്കം കുറിച്ചിരിക്കുന്നത്.
നാളെ ജില്ലയിലെ ഹോട്ടല്‍, ബേക്കറി ഉള്‍പ്പടെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചുകൊണ്ട് 5000ഓളം വ്യാപാരികള്‍ തിരുവനന്തപുരത്തെ ധര്‍ണയില്‍ പങ്കെടുക്കും.
വന്‍കിട കുത്തകകളുടെ അഭിവൃദ്ധിമാത്രം ലക്ഷ്യം വച്ച് വേണ്ടത്രമുന്നൊരുക്കവും സാങ്കേതിക സംവിധാനവും ഇല്ലാത്ത ഓണ്‍ലൈന്‍ നികുതി സമ്പ്രദായം വ്യാപാരികളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കിയിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുകാരണം റിട്ടേണ്‍ ഫയലിങ് തടസപ്പെട്ടാന്‍ പിഴ അടക്കേണ്ട ചുമതലയും വ്യാപാരികള്‍ക്കാണ്.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റുകള്‍ ശേഷിക്കുറവ് കാരണം നിശ്ചലമാകുന്നതും പതിവാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, കുഞ്ഞിരായിന്‍ഹാജി, ഇ. ഹൈദ്രു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."