കെ.ആര്‍ നാരായണന്റെ ജീവിതം ഭാരതീയര്‍ക്ക് പ്രചോദനം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ജീവിതം ഭാരതീയര്‍ക്ക് എക്കാലവും പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
വളരെ എളിയ ജീവിതപശ്ചാത്തലത്തില്‍ നിന്നും രാജ്യത്തിന്റെ പരമോന്നത പദവി വരെ ഉയര്‍ന്ന നാരായണന്റെ ജീവിതം മാതൃകാപരമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ കെ.ആര്‍.നാരായണന്റെ ജീവചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ഉഴവൂരിന്റെ പുത്രന്‍' എന്ന ഡോക്കുമെന്ററിയുടെ ആദ്യ പകര്‍പ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസില്‍ നിന്നും രാജ്ഭവനില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്.
കെ.ആര്‍.നാരായണന്റെ ജന്മനാടായ ഉഴവൂര്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കെ.ആര്‍.നാരായണന്‍ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യണമെന്ന അപേക്ഷ പരിഗണിക്കുമെന്ന ഉറപ്പും ഭാരവാഹികള്‍ക്ക് നല്‍കി. കോട്ടയം പാലാ സ്വദേശിയായ പ്രിന്‍സ് പോള്‍ മാടപ്പള്ളി വരച്ച രാഷ്ട്രപതിയുടെ ഛായാചിത്രവും സമ്മാനിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, ജനറല്‍ സെക്രട്ടറി ആര്‍.അജിരാജ്കുമാര്‍, അഡ്വ. ജെ.ആര്‍.പത്മകുമാര്‍ എന്നിവരാണ് രാഷ്ട്രപതിയെ രാജ്ഭവനില്‍ സന്ദര്‍ശിച്ചത്. ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവവും രാഷ്ട്രപതിക്കൊപ്പം സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."