രണ്ടു മെഡലുകള്‍ക്കരികെ ഇന്ത്യ
വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍, മെഡല്‍ ഒരു ജയമകലെ
റിയോ ഡി ജനീറോ: പുരുഷ വിഭാഗം 75 കിലോ മിഡില്‍വെയ്റ്റ് ബോക്‌സിങില്‍ വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍ കടന്നു. തുര്‍ക്കിയുടെ സിപല്‍ ഒന്‍ഡെറിനെയാണ് വികാസ് ഇടിച്ചിട്ടത്. സ്‌കോര്‍ 3-0. ക്വാര്‍ട്ടറില്‍ വിജയിക്കാനായാല്‍ വികാസിന് മെഡലുറപ്പിക്കാം. ഏകപക്ഷീയമായ മത്സരത്തില്‍ എതിരാളിക്ക് യാതൊരവസരവും നല്‍കാതെയാണ് താരം ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ വേഗവും ആക്രമണവും സമന്വയിപ്പിച്ച നീക്കങ്ങളിലൂടെ വികാസ് എതിരാളിയെ ഞെട്ടിച്ചു. ഒന്‍ഡെറിന്റെ നീക്കങ്ങള്‍ക്ക് മികച്ച കൗണ്ടര്‍ പഞ്ചുകളിലൂടെ മറുപടി നല്‍കാനും വികാസിന് സാധിച്ചു. ഇതോടെ തുര്‍ക്കിഷ് താരം സമ്മര്‍ദത്തിലായി. ആദ്യ റൗണ്ട് അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ വികാസിന്റെ പഞ്ച് ലക്ഷ്യത്തിലെത്തി. ഇതോടെ താരത്തിനു മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ സാധിച്ചു.
രണ്ടാം റൗണ്ടില്‍ വെറ്ററന്‍ താരമായ ഒന്‍ഡെര്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി. എന്നാല്‍ നിലയുറപ്പിക്കാന്‍ സാധിക്കും മുന്‍പ് വികാസിന്റെ കൗണ്ടര്‍ പഞ്ചുകള്‍ ഒന്‍ഡെറിനെ തളര്‍ത്തി. ഇതോടെ പ്രതിരോധത്തിലാണ് തുര്‍ക്കിഷ് താരം പിന്നീട് കളിച്ചത്. ജാബുകള്‍ പലതും കൃത്യമായി ലക്ഷ്യത്തെത്തിയതാണ് വികാസിനെ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സഹായിച്ചത്. മൂന്നാം റൗണ്ടില്‍ പ്രതിരോധവും കൗണ്ടര്‍ പഞ്ചുകളും സമന്വയിപ്പിച്ച പ്രകടനം പുറത്തെടുത്ത ഒന്‍ഡെറിനെതിരേ മികച്ച പ്രതിരോധമായിരുന്നു വികാസിന്റേത്.
അതേസമയം ക്വാര്‍ട്ടറില്‍ ശക്തനായ എതിരാളിയാണ് വികാസിന് ലഭിച്ചിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാന്റെ ബെക്തെമിര്‍ മെലികുസേവുമായിട്ടാണ് താരത്തിന്റെ മത്സരം. 2015 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ ജേതാവാണ് മെലികുസേവ്. ടൂര്‍ണമെന്റില്‍ വികാസിനെ വീഴ്ത്തിയാണ് ഉസ്‌ബെക്കിസ്ഥാന്‍ താരം അന്നു ജേതാവായത്. 2015ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും 2014ലെ യൂത്ത് ഒളിംപിക് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട് മെലികുസേവ്. 2015ലെ മികച്ച പുരുഷ ബോക്‌സറായി ഏഷ്യന്‍ ബോക്‌സിങ് കോണ്‍ഫെഡറേഷന്‍ തെരഞ്ഞെടുത്തതും മെലികുസേവിനെയാണ്.
പെയ്‌സിന് ശേഷം ഒളിംപിക് ടെന്നീസില്‍ മെഡല്‍ നേടാന്‍
സാനിയ-ബൊപ്പണ്ണ സഖ്യം
റിയോ ഡി ജനീറോ: മിക്‌സഡ് ഡബിള്‍സില്‍ പ്രതീക്ഷയേകി സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍ കടന്നു. ബ്രിട്ടന്റെ ആന്‍ഡി മുറെ-ഹീതര്‍ വാട്‌സന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4. ഏകപക്ഷീയമായിട്ടായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം.
അടുത്ത മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് വെള്ളി നേടാം. ഇനി സെമിയില്‍ തോല്‍ക്കുകയാണെങ്കില്‍ വെങ്കലത്തിനുള്ള മത്സരം കളിക്കാം. അതേസമയം ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യക്ക് ഇതുവരെ ടെന്നീസില്‍ ഒരു വെങ്കലം മാത്രമാണ് നേടാനായത്. 1996ലെ അത്‌ലാന്റ ഒളിംപിക്‌സില്‍ ലിയാണ്ടര്‍ പെയ്‌സാണ് സിംഗിള്‍സില്‍ വെങ്കലം നേടിയത്. ഈ നേട്ടത്തെ മറികടക്കുന്ന പ്രകടനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു സാനിയ-ബൊപ്പണ്ണ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് ജോഡിയായ ആന്‍ഡി മുറെ-ഹീതര്‍ വാട്‌സന്‍ സഖ്യം മത്സരത്തില്‍ അനായാസ ജയം നേടുമെന്ന് കരുതിയിരുന്നു. മുറെയുടെ സാന്നിധ്യം ബ്രിട്ടീഷ് സഖ്യത്തിന് ഗുണം ചെയ്യുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇന്ത്യന്‍ സഖ്യം അതിവേഗം മത്സരം വരുതിയിലാക്കി. വേഗമേറിയ റിട്ടേണുകള്‍ കൊണ്ട് മുറെ-വാട്‌സന്‍ സഖ്യത്തെ സാനിയ-ബൊപ്പണ്ണ സഖ്യം ഞെട്ടിച്ചു. ഇതോടെ സമ്മര്‍ദത്തിലായ ബ്രിട്ടീഷ് ജോഡിക്കെതിരേ 4-3ന്റെ ലീഡെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. കൃത്യമായ ഇടവേളകളില്‍ ലീഡ് വര്‍ധിപ്പിച്ച സാനിയ-ബൊപ്പണ്ണ സഖ്യം ആദ്യ സെറ്റ് സ്വന്തമാക്കി.
അതേസമയം രണ്ടാം സെറ്റില്‍ മുറെയുടെ മികവിനു മികച്ച പിന്തുണ നല്‍കുന്നതില്‍ പങ്കാളിയായ വാട്‌സന്‍ പരാജയപ്പെടുന്നതാണ് കണ്ടത്. ഇതു മുതലെടുത്ത ഇന്ത്യ മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ ഇന്ത്യന്‍ സഖ്യത്തിന്റെ അനാവശ്യ പിഴവുകള്‍ മുറെ-വാട്‌സന്‍ സഖ്യത്തിന് തിരിച്ചുവരാനുള്ള അവസരമൊരുക്കി. അവസാന നിമിഷം സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് വരുത്തിയ പിഴവുകള്‍ മുറെ-വാട്‌സന്‍ ജോഡിക്ക് തിരിച്ചടിയായി. ഇതു മുതലെടുത്താണ് ഇന്ത്യന്‍ സഖ്യം സെമിയിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."