ലഹരിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കും: നിയമസഭാ സമിതി
കോട്ടയം: ലഹരിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിയുള്ളവരുടെയും ക്ഷേമത്തിനു വേണ്ടിയുളള നിയമസഭാ സമിതി ചെയര്‍ പേഴ്‌സണ്‍ അയിഷാ പോറ്റി എം.എല്‍.എ പറഞ്ഞു.
കോട്ടയം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ലഹരി, മദ്യം എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഇടയില്‍ ഇല്ലാതാക്കുന്നതിന് വിമുക്തി പദ്ധതിയില്‍പ്പെടുത്തി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. അനാഥകുട്ടികള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സമിതി അംഗങ്ങളായ ഡോ. എന്‍. ജയരാജ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, പ്രതിഭാ ഹരി എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.
പരിഗണിച്ച പരാതികളില്‍ ഏഴെണ്ണം പരിഹരിച്ചു. അംഗപരിമിതരായവരെ സര്‍ക്കാര്‍ ജോലികളില്‍ സ്ഥിരപ്പെടുത്തുന്നതിന്റെ വിവരങ്ങള്‍ സമിതി ചോദിച്ചറിഞ്ഞു. ജില്ലയില്‍ സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്‍കാനും സമിതി ആവശ്യപ്പെട്ടു.
50 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാസമ്പന്നനായ യുവാവിന്റെ ജോലിക്കു വേണ്ടിയുളള അപേക്ഷയും സമിതി പരിഗണിച്ചു.
അംഗപരിമിതര്‍ക്കുളള സംവരണത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കമ്മിഷന്‍ അറിയിച്ചു.
പൊലിസ് ഉദ്യോഗസ്ഥന്‍ അകാരണമായി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ആഘാതത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു എന്ന പരാതിയില്‍ കമ്മിഷന്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടു. തുടര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു.
ഐ.പി.എസ് റാങ്കിലുളള മുതിര്‍ന്ന വനിതാ ഓഫീസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് ഉചിതമാകുമെന്ന കോട്ടയം എസ്.പി മുഹമ്മദ് റഫീക്കിന്റെ ആവശ്യം പരിഗണിക്കുമെന്ന് സമിതി ഉറപ്പു നല്‍കി.
കോട്ടയത്ത് മദ്യംമയക്കുമരുന്ന് കേസുകള്‍ പൊതുവെ കുറവാണെങ്കിലും ശക്തമായ നടപടികള്‍ തുടരുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് പറഞ്ഞു.
കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മദ്യം, മയക്കുമരുന്ന് കച്ചവടങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അദാലത്തിലെത്തിയ ഗിരിജാ ബിജു പറഞ്ഞു.
ഡെപ്യൂട്ടി സെക്രട്ടറി പി. റെജി, ബിന്ദു, ബിനു, ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി. ജില്ലാതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. തുടര്‍ന്ന് സമിതി അംഗങ്ങള്‍ തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോം, കല്ലറ മഹിളാ മന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."