മധുര സര്‍വീസിനൊരുങ്ങി അമൃത എക്‌സ്പ്രസ്
ഒലവക്കോട്: നവംബര്‍ ആദ്യം മുതല്‍ അമൃത എക്‌സ്പ്രസ് മധുരയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങുന്നു. അമൃതക്ക് പാലക്കാടിനും പൊള്ളാച്ചിക്കുമിടയില്‍ സ്റ്റോപ്പുകളില്ലാത്തതാണ് പാലക്കാട് - പൊള്ളാച്ചി റെയില്‍പാതയില്‍ യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുന്നത്. ഈ പാതയിലെ പ്രധാന സ്റ്റേഷനായ കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലും സ്റ്റോപ്പ് നല്‍കാതെയാണ് റെയില്‍വേ അമൃതയുടെ മധുരയോട്ടത്തിന് തുടക്കമിടുന്നത്.
പാലക്കാട് കഴിഞ്ഞാല്‍ പുതുനഗരം, വടകന്യകാപുരം, മുതലമട, മീനാക്ഷിപുരം, ആനമലറോഡ് സ്റ്റേഷനുകളാണ് കൊല്ലങ്കോടിനെ കൂടാതെയുള്ളത്. ഗേജ് മാറ്റത്തിന് മുമ്പ് റിസര്‍വേഷന്‍ സൗകര്യമുണ്ടായിരുന്ന കൊല്ലങ്കോട് സ്റ്റേഷന്‍ പൊള്ളാച്ചി റെയില്‍വേ പാതയിലെ പ്രധാന സ്റ്റേഷനായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. എനാല്‍ ഗേജ് മാറ്റത്തിന് ശേഷം ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യമില്ലാതാക്കിയത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു.
കൊല്ലങ്കോട് സ്റ്റേഷനിലെ റിസര്‍വേഷന്‍ സംവിധാനവും പുനഃസ്ഥാപിക്കുകയും ഇവിടെ അമൃതക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്താല്‍ സമീപത്തെ ഇരുപതോളം പഞ്ചായത്തുകള്‍ക്ക് ഗുണകരമാകും.
നെല്ലിയാമ്പതി, പറമ്പിക്കുളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്കുള്ള ദീര്‍ഘദൂര വിനോദ സഞ്ചാരികള്‍ക്ക് കൊല്ലങ്കോട് അമൃതക്ക് സ്റ്റേഷനില്ലാത്തതിനാല്‍ പാലക്കാടോ പൊള്ളാച്ചിയോ ഇറങ്ങി ബദല്‍ സംവിധാനം കാണണം. ഇത് ടൂറിസം മേഖലക്കും തിരിച്ചടിയാവും.
എലവഞ്ചേരി പോലുള്ള കാര്‍ഷിക മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട പഴനി, എന്നിവിടങ്ങളിലേക്കെത്തിക്കാനും അവിടുന്ന് തിരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നതിനും കൊല്ലങ്കോട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനിവാര്യമാണ്. ഗേജ് മാറ്റം പൂര്‍ത്തിയാക്കി പൊള്ളാച്ചി പാതയില്‍ ട്രെയിന്‍ സര്‍വ്വീസാരംഭിച്ചതെല്ലാം യാത്രക്കാര്‍ക്ക് ദുരിതയാത്രയാണ് സമ്മാനിക്കുന്നത്. വണ്ടികളുടെ സമയത്തിലെ അശാസ്ത്രീയതയും പുതിയ വണ്ടികളനുവദിക്കുന്നതിലെ സ്റ്റോപ്പുകളുടെ പരിമിതിയുമെല്ലാം വീണ്ടും പാലക്കാട് പൊള്ളാച്ചി ദുരിതപാതയൊരുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."