ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ത്രൈമാസം യോഗം വിളിക്കും: മന്ത്രി
പാലക്കാട്: ഗവ.മെഡിക്കല്‍ കോളജ് കെട്ടിടസമുച്ചയം കരാര്‍വ്യവസ്ഥ പ്രകാരം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി എ.കെ ബാലന്‍ കര്‍ശന നിര്‍ദേശം നല്‍കി. 2019 ജൂണിലാണ് കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഓരോ മാസവും അവലോകനം നടത്തി നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തണമെന്നും ഓരോ മൂന്ന് മാസത്തിലും അവലോകനം നടക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തിയ ശേഷമുളള അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൂര്‍ത്തിയാക്കേണ്ട ദിവസം വരെ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കിട്ടാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും അതിനായി മെഡിക്കല്‍ കോളജിനായി പട്ടികജാതി-വര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 65000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുളള അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പ്രവര്‍ത്തനം 12.60 കോടി ചെലവില്‍ 2014-ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13 കോടി വീതം ചെലവില്‍ 2017-ല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളും പൂര്‍ത്തിയായിട്ടുണ്ട്. 26 ലക്ഷം ലിറ്റര്‍ ജലസംഭരണ ശേഷിയുളള ഭൂഗര്‍ഭ ടാങ്ക് നിര്‍മാണം 5.6 കോടി ചെലവില്‍ 2016-ല്‍ പൂര്‍ത്തിയായിട്ടുണ്ട്. ലെക്ച്ചറര്‍ ക്ലാസ്‌റൂം, ലാബുകള്‍, പഠനക്ലാസുകള്‍ എന്നിവ ഉള്‍പ്പെട്ട പ്രധാനകെട്ടിടത്തിന്റെ നിര്‍മാണം 2017 ഡിസംബറില്‍ പൂര്‍ത്തിയാക്കും. 32.66 കോടി ചെലവിലാണ് നിര്‍മാണം നടന്നു വരുന്നത്. 5.4 കോടിയുടെ അതിര്‍ത്തി മതിലുകളുടേയും ഗേയ്റ്റിന്‍േയും നിര്‍മാണം ജലസേചനവിഭാഗത്തിന്റെ സ്ഥലം ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ ഹൈക്കോടതിയില്‍ കേസ് പരിഗണനയിലാണ്.
ഇതില്‍ ജലസേചനവിഭാഗത്തിന്റെ സ്ഥലം ഒഴിവാക്കി നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ച് പ്രവൃത്തി തുടരാന്‍ ശ്രമിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 7.5 കോടി ചെലവില്‍ തുടങ്ങിവച്ച ഇന്റേണല്‍ റോഡിന്റെ നിര്‍മാണം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം പൂര്‍ത്തിയാക്കും. തുടര്‍ന്ന് വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍, ഐ.സി.യു ഉള്‍പ്പെട്ട പ്രധാനകെട്ടിടത്തിന്റെ നിര്‍മാണം 2019 ജൂണില്‍ പൂര്‍ത്തിയാക്കുന്നതോടെ മെഡിക്കല്‍ കോളജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ണമാകും. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ഗവ.മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫിസറും എസ്.സി-എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. വേണു, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ രവീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."