അനിശ്ചിതത്വത്തിനൊടുവില്‍ വാഴാനി ഡാം കനാലിലൂടെ തുറന്നു
വടക്കാഞ്ചേരി :ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ വാഴാനി ഡാം ജലാശയം കനാലിലൂടെ തുറന്ന് വിട്ടു. വടക്കാഞ്ചേരി മേഖലയിലെ കര്‍ഷകരും ജനപ്രതിനിധികളും ചേര്‍ന്ന് തയ്യാറാക്കിയ കാര്‍ഷിക കലണ്ടര്‍ അനുസരിച്ചാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ വെള്ളം തുറന്ന് വിട്ടത്. നേരത്തെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന പാടശേഖര സമിതികള്‍ , കര്‍ഷക സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ ഒക്ടോബര്‍ 12 മുതല്‍ വെള്ളം ആവശ്യാനുസരണം തുറന്ന് വിടുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. ഇതിന് വേണ്ടി കനാല്‍ ശുചീകരണവും ആരംഭിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ മുടക്കി ജെ.സി.ബി ഉപയോഗിച്ചായിരുന്നു കനാലില്‍ അടിഞ്ഞ് കൂടിയ മണ്ണും പൊന്തക്കാടുകളും നീക്കം ചെയ്തിരുന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. കനാലിലെ കോണ്‍ക്രീറ്റ് തകരുകയും വശങ്ങളിലെ കെട്ടുകള്‍ ഇടിയുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളാണ് മികച്ച രീതിയില്‍ കനാലില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇത്തവണ തൊഴിലാളികള്‍ക്ക് പണി നല്‍കാതെ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തിയ്ക്ക് കരാര്‍ നല്‍കി വന്‍ അഴിമതി നടത്തുകയാണെന്ന ആരോപണവുമായി തെക്കുംകര പഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശ്രീജയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. കൗശികന് പരാതി നല്‍കുകയും ചെയ്തു. ഡോ.പി.കെ ബിജു എം.പിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ കളക്ടര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തനം സ്തംഭിയ്ക്കുകയും ചെയ്തു. ഇതോടെ കാര്‍ഷിക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കൂര്‍ക്ക കൃഷിയിടക്കമുള്ള കാര്‍ഷികവൃത്തിയ്ക്ക് വെള്ളം ലഭ്യമാകാതായതോടെ കര്‍ഷക പ്രതിഷേധവും കനത്തു. ഒടുവില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പഞ്ചായത്തിന്റെ പരാതി ഗൗരവമായി പരിഗണിയ്ക്കാനും കൃഷി നാശം സംഭവിയ്ക്കാതിരിയ്ക്കാന്‍ വെള്ളം തുറന്ന് വിടാന്‍ സഹകരിയ്ക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. മുടങ്ങി കിടന്ന കനാല്‍ നവീകരണം ജെ.സി.ബി ഉപയോഗിച്ചുതന്നെ പൂര്‍ത്തീകരിച്ചാണ് 18 ദിവസം വൈകി ഇന്നലെ വെള്ളം തുറന്ന് വിട്ടത്. പത്ത് ദിവസത്തോളം കനാലിലൂടെ വെള്ളം വിടാനാണ് ഇപ്പോഴത്തെ തീരുമാനം. തുടര്‍ന്ന് പുഴയിലേക്ക് വെള്ളം തുറക്കും. അതിനിടെ കനാല്‍ നവീകരണത്തിലെ അഴിമതി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെക്കുംകര പഞ്ചായത്ത് ഭരണസമിതി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."