സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കേള്‍വി പരിശോധന ക്ഷമ പരീക്ഷിക്കലായി
വാടാനപ്പള്ളി: സാമൂഹ്യ ക്ഷേമവകുപ്പ് തളിക്കുളത്ത് സംഘടിപ്പിച്ച കേള്‍വി പരിശോധന ജനത്തിന്റെ ക്ഷമ പരീക്ഷിക്കലായി മാറി.
രോഗികളും കൂട്ടിരിപ്പുകാരും രാവിലെ പത്തിന് മുന്‍പേ എത്തിയിട്ടും ഡോക്ടറും ആരോഗ്യ വകുപ്പ് ജീവനക്കാരും എത്തിയില്ല. മണിക്കൂറുകളെടുത്ത കാത്തിരിപ്പിനൊടുവില്‍ കേള്‍വി പരിശോധിക്കുന്ന ഉദ്യോഗസ്ഥനെത്തിയത് ഉച്ചയ്ക്ക് 12.5ന്. തളിക്കുളം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ കേള്‍വിക്കുറവുള്ളവര്‍ക്കായി തളിക്കുളം കച്ചേരിപ്പടി അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിനോടു ചേര്‍ന്ന അംഗന്‍വാടിയിലായിരുന്നു ഇന്നലെ കേള്‍വി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത് . യു.ഐ.ഡി കാര്‍ഡ് കൊടുക്കുന്നതിനു മുന്നോടിയായാണ് ക്യാംപ്.
വീടുകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലെത്തേണ്ടവരെ തെരഞ്ഞെടുത്തത്. രാവിലെ 10നു മുമ്പ് എത്തണമെന്ന് എല്ലാവരോടും നിര്‍ദ്ദേശിച്ചിരുന്നു. വേഗം തിരിച്ചുപോകാമെന്ന് കരുതി മിക്ക ആളുകളും ഏഴു മുതല്‍ അംഗന്‍വാടിയിലെത്തി.
ഒമ്പതോടെ അംഗന്‍ വാടി ജീവനക്കാരും എത്തി. എന്നാല്‍ സാമൂഹ്യക്ഷേമ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തിയിരുന്നില്ല. 10 മണിയായിട്ടും പരിശോധന തുടങ്ങാത്തതിനെ തുടര്‍ന്ന് ആളുകള്‍ അന്വേഷിച്ചപ്പോള്‍ കേള്‍വി പരിശോധന നടത്തേണ്ട ജില്ലാ ആശുപത്രി ജീവനക്കാരന്‍ അസുഖമായതിനാല്‍ എത്തുന്നതല്ലെന്നും മലപ്പുറം മഞ്ചേരിയില്‍ നിന്നും മറ്റൊരാള്‍ പുറപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.
ഇതോടെ രോഗികള്‍ പലരും തിരിച്ചുപോയി. ഉച്ചയ്ക്ക് 12.5 ന് കേള്‍വി പരിശോധനക്കായി മഞ്ചേരിയില്‍നിന്ന് ഒരാളും ജില്ല ആശുപത്രിയിലെ ജീവനക്കാരനും എത്തി.
പന്ത്രണ്ടരയോടെ പരിശോധന ആരംഭിച്ചു. ഇങ്ങനെ പരിശോധനയ്ക്ക് വിധേയമായര്‍ക്കായി ഇന്ന് നാട്ടിക ശ്രീനാരായണ ഹാളില്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് വിദഗ്ധ പരിശോധന നടത്തും. ഇതോടെ രണ്ട് ദിവസമാണ് രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടേണ്ടി വരുന്നത്. ഇന്നലെ സ്‌കൂള്‍ പരീക്ഷ ഒഴിവാക്കി കേള്‍വി പരിശോധനക്കെത്തിയ ഗണേശമംഗലം മദാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി രണ്ടാം ദിനമായ ഇന്നും പരീക്ഷ ഒഴിവാക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."