ആടുകളുടെ പ്രിയതോഴി ലക്ഷ്മിയമ്മക്ക് വീടൊരുങ്ങുന്നു
എരുമപ്പെട്ടി: ലക്ഷ്മിയമ്മയുടെ ആട് ജീവിതത്തിന് അറുതിയാവുന്നു. ആട്ടിന്‍കൂട്ടില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയമ്മക്ക് പഞ്ചായത്ത് നല്‍കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. സുപ്രഭാതം വാര്‍ത്തയാണ് അനാഥയായ വയോധികക്ക് തുണയായത്.
എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി ഗ്രാമത്തിലാണ് വയോധികയായ ലക്ഷ്മിയമ്മ കഴിയുന്നത്. അനാഥയായ ലക്ഷ്മിയമ്മ അരനൂറ്റാണ്ടിലധികമായി താമസിച്ചിരുന്നത് ആട്ടിന്‍കൂട്ടിലായിരുന്നു. ഭര്‍ത്താവ് കൃഷ്ണന്‍ മരണപ്പെടുകയും താമസിച്ചിരുന്ന വീട് കാലവര്‍ഷത്തില്‍ തകര്‍ന്നു വീഴുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ആട്ടിന്‍കൂട്ടിലേക്ക് താമസം മാറ്റിയത്.
ആടുകളുടെ ചൂരും, വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധവും നിറഞ്ഞ കുടിലിനുള്ളില്‍ കെട്ടിയുണ്ടാക്കിയ മരപ്പാടിയില്‍ ആടുകള്‍ക്ക് നടുവിലാണ് ലക്ഷ്മിയമ്മ കിടന്നുറങ്ങിയിരുന്നത്. ഒന്നും രണ്ടുമല്ല അമ്പത് വര്‍ഷമാണ് ലക്ഷ്മിയമ്മ ആടുകള്‍കൊപ്പം ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയത് . അനാഥത്വത്തില്‍ നിന്നുള്ള ഏകാന്തത മനസില്‍ ഇരുള്‍ വീഴ്ത്തിയപ്പോള്‍ ചുറ്റുവട്ടത്തില്‍ നിന്നും ഇവര്‍ തീര്‍ത്തും ഒറ്റപ്പെട്ടപ്പെട്ടു. പ്രായാധിക്യത്താല്‍ പരിപാലിക്കാന്‍ കഴിയാതെ വന്നതോടെ ആടുകളെ വളര്‍ത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തിയവര്‍ക്ക് കൊടുത്തൊഴിവാക്കി.
ആട്ടിന്‍കൂട് പൊളിച്ച് മാറ്റി ബന്ധുക്കള്‍ നിര്‍മ്മിച്ച് നല്‍കിയ ഷീറ്റ് മേഞ്ഞ കുടിലിലാണ് ഈ വയോധിക ഇപ്പോള്‍ താമസിക്കുന്നത്.ലക്ഷ്മിയമ്മയുടെ ആട് ജീവിതത്തെകുറിച്ച് പത്ര ദൃശ്യ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇടപ്പെട്ട് ഇവരെ പുനരധിവസിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും തന്റെ മണ്ണ് ഉപേക്ഷിച്ച് പോകാന്‍ ഈ വയോധിക തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വി.സി.ബിനോജിന്റെ ശ്രമഫലമായി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഇവര്‍ക്ക് വീട് അനുവദിക്കുകയായിരുന്നു.
വീടിന്റെ തറക്കല്ലിടല്‍ വി.സി.ബിനോജ് നിര്‍വ്വഹിച്ചു. സി.ഡി.എസ്.മെമ്പര്‍ രജനി ദിവാകരന്‍,എ.ഡി.എസ്. സെക്രട്ടറി രജിത രമേഷ്, ടി.സി.വി റിപ്പോര്‍ട്ടര്‍ റഷീദ് എരുമപ്പെട്ടി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ.മണികണ്ഠന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."