യമനിലെ ബാലാവകാശം: യു.എന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി സഖ്യസേന
റിയാദ്: യമനിലെ ബാലാവകാശവുമായി ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അസ്വീകാര്യവും അതിനാല്‍ തന്നെ തള്ളിക്കളയുന്നതായും അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
വിദേശ മന്ത്രാലയ വക്താവ് ഉസാമ നൂഖൈലിനൊപ്പം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സഖ്യസേന വക്താവ് റിപ്പോര്‍ട്ട് മുഖവിലക്കെടുക്കുന്നില്ലെന്നു പ്രഖ്യാപിച്ചത്. യമനിലെ ബാലാവകാശവുമായി യു.എന്‍ പുറത്തുവിട്ട കാര്യങ്ങളില്‍ അബദ്ധങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്.
നേരത്തെ തന്നെ ഇതേകുറിച്ച് പല തവണ യു എന്നിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ചെവിക്കൊള്ളാന്‍ യു എന്‍ സന്നദ്ധമായില്ല. യമനിലെ യു എന്‍ ഓഫിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് യു.എന്‍ സ്വീകരിക്കുന്നത്.
നിലവിലെ അവസ്ഥയില്‍ ഈ ഓഫിസിനു കുറ്റമറ്റതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇത് പരിഹരിക്കാനായി യമനിലെ വിവിധ ഭാഗങ്ങളില്‍ യു എന്‍ ഓഫിസുകള്‍ തുറക്കണം. കൂടാതെ അനൗദ്യോഗിക ഏജന്‍സികളില്‍ നിന്നും വിമത വിഭാഗമായ ഹൂതികളുടെ കീഴിലുള്ള ആശുപത്രികളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാണ് യു എന്‍ സ്വീകരിക്കുന്നത്. ഇത് കൊണ്ട് തന്നെ തെറ്റായ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മാത്രമല്ല, ഹൂതികള്‍ കുട്ടികളെ യുദ്ധത്തിന് ഉപയോഗിക്കുന്നത് യു എന്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി സഊദി അറേബ്യാ ശ്രമിച്ച് വരികയാണെന്നും സമാധാന പൂര്‍ണ്ണമായ യമന്‍ രാജ്യമാണ് സഊദി ലക്ഷ്യമിടുന്നതെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് ഉസാമ നുഖയിലും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."