HOME
DETAILS

മണ്ണിന്റെ ഭാഷ, മനുഷ്യരുടെയും

  
backup
November 01 2017 | 01:11 AM

todays-article-01-11-2017-malayalam

ഭാഷ നഷ്ടപ്പെട്ട ഒരു ജനതയെ എന്ത് വിളിക്കും? ഭ്രാന്തിനുപോലും അതിന്റേതായ ഭാഷയുണ്ട്. അത് വൈകാരികത ജന്മം കൊടുത്ത വിചിത്രഭാഷ! അത് മനസ്സിലാക്കാന്‍ ചികിത്സകന് കഴിയുന്നില്ലെങ്കില്‍ ഫലം പരാജയമാണ്. ഭാഷയില്ലാത്ത മനുഷ്യന്‍ നാവ് കടിച്ചു നില്‍ക്കുമ്പോള്‍ അവന്റെ മേല്‍ പതിയുന്ന ആയുധങ്ങള്‍ക്ക് ശക്തി കൂടും. സ്വയം പ്രതിരോധസജ്ജമാകാത്ത ഒരാളെ കീഴ്‌പ്പെടുത്താന്‍ എത്രയെളുപ്പം!
ഭാഷ പ്രാണശ്വാസംപോലെ ജീവിതബന്ധങ്ങളെ സാംസ്‌കാരികബലം നില്‍കി നിലനിര്‍ത്തുന്നു. ആന്തരികതയെ ആവിഷ്‌കരിക്കാന്‍ വാക്കും വരയും നിറവും കൂടിയേ കഴിയൂ. അകത്ത് മറഞ്ഞിരിക്കുന്ന ആശയത്തെ ഭദ്രമായി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഉദാരലളിതമായ ഉപാധി ഏതെന്ന് ചോദിച്ചാല്‍ ഭാഷ എന്നാണുത്തരം. 'ഏകാന്തതയിലിരുന്ന് അനന്തതയിലേക്ക് പാടുന്നവര്‍ക്ക്' ആത്മശാന്തതയുടെ പരകോടിയില്‍ ഉച്ചരിക്കപ്പെടുന്ന അക്ഷരങ്ങള്‍ വേണമെന്നില്ല. പക്ഷെ, നിത്യവ്യവഹാരത്തിലേര്‍പ്പെട്ട് ജീവിക്കുന്ന ഓരോ മനുഷ്യനും സമയ സന്ദര്‍ഭക്കനുസൃതമായ ഭാവജന്യഭാഷ സ്വായത്തമാവണം. സമൂഹത്തിന്റെ പ്രയാണ പരിണാമങ്ങള്‍ക്ക് ജലവും വളവും തായ്‌വേരുറപ്പും നല്‍കുന്ന ഭാഷ ജനതയുടെ ദേശീയ സമ്പത്താണ്.
എനിക്ക് ഭാഷയെന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ലളിതമായ ഒരുത്തരമേയുള്ളൂ: നീ കൂടിയുള്ളതുകൊണ്ട്. നിനക്ക് ഭാഷ, ഞാനുള്ളതുകൊണ്ട്. നമുക്ക് അവന്‍കൂടിയുള്‍പ്പെട്ട സമൂഹത്തില്‍ ജീവിക്കേണ്ടതിനാല്‍ പൊതുവായ ഭാഷയുടെ വിനിമയം ഉള്‍ക്കൊണ്ടേ മതിയാവൂ. ഭാഷയുടെ കണ്ണിയില്‍നിന്ന് അറ്റുപോകുന്ന ഓരോ മനസ്സും അന്യവല്‍ക്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്‌തേക്കാം. പൊതുഭാഷയില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് ഇഴയടുപ്പമുള്ള സാമൂഹ്യബന്ധങ്ങള്‍ വളരുന്നതും നിലനില്‍ക്കുന്നതും. മറുഭാഷ ഉച്ചരിക്കുന്നവനോടുള്ള അപരിചിത വിധേയത്വം അടിമപ്പെടലിന്റെ ഒന്നാം പടവാണ്.
ഒരായിരം വര്‍ഷത്തെ വിശ്വരശ്മികള്‍ കണ്ണില്‍ ഒരു നിമിഷം നിറയ്ക്കാനും ഒരായിരം വര്‍ഷത്തെ ശബ്ദതരംഗങ്ങള്‍ കാതില്‍ വര്‍ഷിക്കാനും വിശ്വസ്തഭാഷയുടെ ദീപലിപികള്‍ക്ക് നിഷ്പ്രയാസം കഴിയും. വ്യത്യസ്ത ഭൂവിഭാഗങ്ങളിലെ ആറായിരത്തിലധികം ഭാഷയും മാതൃഭാഷ തന്നെയാണ്. അമ്മിഞ്ഞപ്പാലോടൊപ്പം ആദ്യം കേട്ട അമ്മഭാഷയുടെ അഗാധവാത്സല്യം അലിഞ്ഞിറങ്ങിയ അടിത്തറ, ഓരോരുത്തരും പിച്ചവച്ച് കാലുറച്ച ഭൂമികയാണ്. സ്‌നേഹത്തിന്റെ ആദ്യപദങ്ങളും ജ്ഞാനത്തിന്റെ ഉദയകിരണവും ഉള്ളിലിണങ്ങിപ്പതിഞ്ഞ ഭാഷയുടെ നാട്ടുചേരുവയില്‍ പൈതൃകവും പാരമ്പര്യവും പഴമയും പുതുമയുമെല്ലാം വേര്‍പെടുത്താനാവാതെ കലര്‍ന്നുകിടക്കുന്നു.


കാലം മാറുന്നു. അതിരുകളെ ഭേദിച്ച് ജീവിതം മുന്നേറുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും വികാസം പ്രാപിച്ച് പ്രചരിക്കുന്നു. അദൃശ്യരശ്മികള്‍ അടുക്കളയോളം കടന്നുചെന്ന് ആശയങ്ങള്‍ കൈമാറുന്നു. മൂല്യവിചാരങ്ങള്‍ക്ക് തിരുത്തലുകള്‍ പ്രഖ്യാപിക്കുന്നു. ഭാഷയും ഭാവനയും വില്പനവസ്തുക്കളാവുന്നു. കലയും സാഹിത്യവും കമ്പോളത്തിന്റെ പ്രദര്‍ശന ശാലയിലിരുന്ന് പ്രചാരവേലയുടെ കൃത്രിമഭാഷ ചമയ്ക്കുന്നു. മാറ്റങ്ങള്‍ക്ക് ഞാന്‍ വിധേയമാവുകയില്ലെന്ന് ശാഠ്യം പിടിക്കാന്‍ ഇപ്പോള്‍ ഒരു ഭാഷാപ്രേമിക്കും കഴിയുകയില്ല.
അധിനിവേശത്തിന്റെ കപ്പലോട്ടങ്ങളില്‍ ഭാഷയുടെ ഉല്പന്നങ്ങളും കൈമാറിയിരുന്നുവെന്ന ചരിത്രസത്യം ഓരോ മാതൃഭാഷയും അംഗീകരിച്ചേ മതിയാവൂ. മലയാളം ഇന്നോളം ഏറ്റുവാങ്ങിയ പദാവലിയുടെ പരിശോധന വിസ്മയജനകമായ വിവരങ്ങള്‍ നല്‍കിയേക്കും. കലയിലൂടെ, കായിക വിദ്യയിലൂടെ, കച്ചവടത്തിലൂടെ, രാഷ്ട്രീയ ഉടമ്പടികളിലൂടെ, പ്രത്യയശാസ്ത്രപഠനങ്ങളിലൂടെ വിദ്യാഭ്യാസ വ്യാപനത്തിലൂടെ, ആധുനിക യന്ത്രങ്ങളിലൂടെ ഇറക്കുമതി ചെയ്യപ്പെട്ട വാക്കുകളുടെ ജീവപരിണാമം ഇപ്പോള്‍ നാം അംഗീകരിച്ചിരിക്കുന്നു. നവീന സംവേദനങ്ങളുടെ വഴിയില്‍ ഇരുമ്പുമറ സൃഷ്ടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.


പക്ഷെ പ്രാകൃതമായ ഭാഷയുടെ- അത് വാമൊഴിയാകട്ടെ, വരമൊഴിയാകട്ടെ- പഠിക്കാനും അറിയാനും സംവിധാനമുണ്ടാകണമെന്ന് പറഞ്ഞാല്‍ പഴഞ്ചനെന്ന് കരുതരുത്. അടിയാളന്റെ കഠിനാധ്വാനശീലം ക്രമപ്പെടുത്തിയ താളബദ്ധമായ വായ്ത്താരികളുടെ നേരര്‍ഥം ബോധ്യപ്പെടാത്ത എത്രയെങ്കിലും പണ്ഡിതന്മാര്‍ തേരോട്ടം നടത്തുന്ന നാടാണിത്. 'തക തിക തൈ' എന്നൊക്കെ ശബ്ദിച്ചാല്‍ .....നിര്‍ഥകമായ ഏതോ നായാടി ബഹളമെന്നല്ലാതെ മറ്റൊന്നും മനസ്സിലാകാത്തവരെത്ര? ഭാഷയുടെ ആദിരൂപങ്ങളെ കശാപ്പുചെയ്ത് ആധുനികനാകാമെന്ന തോന്നലിന് അന്ത്യവിധിയുണ്ട്. അതിന്റെ ചുരുക്കപ്പേരാണ് അടിമത്തം.
അരുത്, എന്റെ മണ്ണിന്റെ ശ്രേഷ്ഠഭാഷ പഠിപ്പിക്കുകയില്ലെന്ന് ശഠിക്കാന്‍ യാതൊരു കച്ചവട വിദ്യക്കാരനും അധികാരം കൊടുക്കരുത്. ഒന്നാംതരം മുതല്‍ പത്താംതരം വരെയുള്ള ക്ലാസില്‍ കേരളക്കരയില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിച്ചുകൊള്ളണമെന്ന് ഉത്തരവിറക്കേണ്ടിവരുന്നത് സത്യത്തില്‍ അഭിമാനമല്ല, അപമാനമാണ്.


മലയാളക്കരയുടെ മണ്ണും വായുവും ജലവും ജന്മനാ ലഭിച്ചവര്‍ ആ മണ്ണിന്റെ ഭാഷ മാത്രം ഉപേക്ഷിക്കണമെന്ന വാശി അടിച്ചേല്പിച്ച കുബുദ്ധികളാര്? മലയാളം ഉച്ചരിച്ചാല്‍ ശിക്ഷ കിട്ടുന്ന പിഞ്ചോമനകളെ മനസ്സിലാകാത്ത വിദ്യാഭ്യാസം ഏത് വിഡ്ഢികളുടെ സ്വര്‍ഗമാണ് തുറന്നുവച്ചിരിക്കുന്നത്? ഇംഗ്ലീഷ് പഠിക്കുന്നതിന് മലയാളം മരിക്കുന്നതെന്തിന്? നിനക്ക് ജീവിക്കാന്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നതെന്തിന്? ഗൂഢതന്ത്രങ്ങളുടെ കള്ളത്രാസില്‍ തീരെ മൂല്യമില്ലെന്ന് പ്രഖ്യാപിച്ച് അപമാനിച്ച് പുറത്താക്കാനുള്ള വൈദേശിക ബുദ്ധിയുടെ ഒത്താശക്കോമാളികള്‍, ഉടുപ്പും, ഉടുപ്പിനുമേല്‍ കോട്ടും അത് ചേര്‍ത്തുകെട്ടി ടൈയും ഷൂസും സോക്‌സും ബെല്‍റ്റും ലോഹബാഡ്ജും ധരിപ്പിച്ച് ഭയത്തിന്റെ പാതയിലൂടെ എഴുന്നള്ളിക്കുന്ന ബാല്യത്തിന്റെ നിഷ്‌കളങ്കതയെ രക്ഷപ്പെടുത്താന്‍ തന്റേടമുള്ള ഒരു ഭരണപരിഷ്‌കാരം മലയാളക്കരയില്‍ ഉണ്ടാകുമോ? ഉണ്ടായേ പറ്റു. കാലം അത്യാവശ്യപ്പെടുന്നു.


കേരളപ്പിറവിയാഘോഷിക്കുന്ന നവംബര്‍ ഒന്നിന്റെ വിചാരങ്ങളില്‍ മാതൃഭാഷയുടെ സ്‌നേഹവിളംബരം ചേര്‍ത്തുവച്ചതിന് നന്ദി. മനുഷ്യരില്‍ പൂര്‍ണത രൂപപ്പെടുന്ന വികാസ പ്രക്രിയയില്‍ ഭാഷയ്ക്കുള്ള സ്ഥാനം രണ്ടാമതല്ല, ഒന്നാമതാണെന്ന് ഏത് കാലത്തിന്റെയും ദേശത്തിന്റെയും കാവ്യപ്രവാചകത്വത്തെ നിമിത്തമാക്കി ബോധ്യപ്പെടുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago