യാഥാര്‍ഥ്യമാകുന്ന കെ.എ.എസ്
വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ.എ.എസ്) കരട് ചട്ടത്തിന് പി.എസ്.സി അനുമതി നല്‍കിയതോടെ നിയമന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കെ.എ.എസ് യാഥാര്‍ഥ്യമാകുമെന്നുറപ്പായി.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ മലയാളത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന ഒരു പരീക്ഷ കൂടി പാസാകണമെന്ന പി.എസ്.സിയുടെ നിബന്ധന സ്വാഗതാര്‍ഹമാണ്. മലയാള ഭാഷ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് അതിന്റെ പ്രയോജനം പൂര്‍ണമായും ലഭ്യമായിട്ടില്ല. കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി പ്രസ്താവങ്ങള്‍ അതത് പ്രാദേശിക ഭാഷകളിലും കൂടി ലഭ്യമാവേണ്ടതുണ്ടെന്ന് കേരള സന്ദര്‍ശനത്തിനിടയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത് ഓര്‍ത്തുപോവുകയാണ്. കെ.എ.എസ് സംബന്ധിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിക്കുകയും തുടര്‍ന്ന് സമര മാര്‍ഗത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ഭരണകക്ഷി സര്‍വിസ് സംഘടനകളുടെ പിന്തുണയും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഒരു ദിവസത്തെ ഉപവാസ സമരം നടത്തിയ ജീവനക്കാരുടെ ശമ്പളം ഡെയ്‌സ്‌നോണായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഭരണകക്ഷി സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു ഇത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒന്നടങ്കം കെ.എ.എസിനെതിരെ തിരിഞ്ഞത് അവരുടെ പ്രമോഷന്‍ സാധ്യത തടയപ്പെടുമെന്ന ആശങ്കയാലായിരുന്നു.
കെ.എ.എസ് എന്ന ആശയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ തലത്തില്‍ രൂപം കൊണ്ടതാണ്. ഭരണ നിര്‍വഹണത്തില്‍ മിടുക്കരായ ചെറുപ്പക്കാരുടെ സേവനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വേളകളില്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ പലതും നടപ്പാക്കാതെ പോകുന്നത് സെക്രട്ടേറിയറ്റിലെ മെല്ലെപ്പോക്ക് കാരണമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കെ.എ.എസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. കേരളത്തിന്റെ വികസനവും സാമൂഹ്യ ക്ഷേമപദ്ധതികളും നടപ്പാകാതെ പോകുന്നത് സെക്രേട്ടറിയറ്റില്‍ ഊര്‍ജസ്വലരായ ജീവനക്കാരുടെ അഭാവത്താലാണെന്ന കണ്ടെത്തല്‍ യാഥാര്‍ഥ്യവുമാണ്.
പ്രമോഷന്‍ വഴി ഉന്നത തസ്തികകളിലെത്തുന്നവരില്‍ പലരും റിട്ടയര്‍മെന്റിനോടടുത്തിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രവര്‍ത്തന വേഗം പുറകോട്ടടിക്കുമെന്നത് സ്വാഭാവികമാണ്. ജനുവരി 10നാണ് കെ.എ.എസ് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. സെക്രേട്ടറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാകുന്നതാണ് കെ.എ.എസ് എന്ന് ജീവനക്കാര്‍ ആവലാതിപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ സമരമാര്‍ഗം തേടുകയായിരുന്നു. ഒരു ദിവസത്തെ കൂട്ട അവധിയെടുക്കുകയും ചെയ്തു. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും സമരക്കാരെ തണുപ്പിച്ചതുമില്ല.
കെ.എ.എസിന്റെ പരിധിയില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള 30 വകുപ്പുകളാണ് ഉള്‍പ്പെടുക എന്നതിലായിരുന്നു ജീവനക്കാരുടെ ആശങ്ക. വിഷയം പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റൊ ചെയര്‍പേഴ്‌സണായും പൊതു ഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് കണ്‍വീനറുമായി അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍.
30 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകള്‍ സെക്രേട്ടറിയറ്റിലാകുമ്പോള്‍ അണ്ടര്‍ സെക്രട്ടറി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ്. ഇത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകളെ ഇല്ലാതാക്കുമെന്നായിരുന്നു ജീവനക്കാരുടെ പ്രതിഷേധത്തിനാധാരം. മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചവര്‍ കൂടി കെ.എ.എസിന്റെ പരിധിയില്‍ വരുമ്പോള്‍ രാഷ്ട്രീയ ഇടപെടലായി ഇത് മാറുമെന്ന് ജീവനക്കാര്‍ ആരോപിച്ചു. ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിച്ചായിരിക്കണം കെ.എ.എസ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ഊര്‍ജ്ജസ്വലരും ചുറുചുറുക്കുമുള്ള യുവാക്കള്‍ സെക്രട്ടേറിയറ്റില്‍ ഉന്നത തസ്തികകളില്‍ വരുമ്പോള്‍ ഭരണ നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നും അത് വഴി സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കാര്യക്ഷമമായി മുന്നോട്ട് പോകുമെന്നും ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."