പൊതുമേഖലാ ബാങ്കുകളുടെ ലയനം വേഗത്തിലാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഇന്നലെ കമ്മിറ്റി രൂപീകരണം ധനകാര്യ സെക്രട്ടറി രാജീവ്കുമാറാണ് ട്വീറ്റ് ചെയ്തത്.
പൊതുമേഖലാ ബാങ്കുകളുടെ സംയോജനത്തിന് ബദല്‍ സംവിധാനം എന്നാണ് ഈ മന്ത്രിതല സമിതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ സര്‍ക്കാര്‍ പറഞ്ഞത് ചെയ്യാന്‍ പോകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി രൂപ മൂലധനമായി നല്‍കുമെന്നു പ്രഖ്യാപിച്ച അവസരത്തില്‍ ബാങ്ക് മേഖലയില്‍ പരിഷ്‌കാരം വരുമെന്നു ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വലിയ ബാങ്കിങ് പരിഷ്‌കാരങ്ങളാണു ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്തിരുന്നത്. വിവിധ പൊതുമേഖലാ ബാങ്കുകള്‍ സംയോജിപ്പിച്ച് ആറോ ഏഴോ വലിയ ബാങ്കുകള്‍ ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തേ വിവിധ അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിലേക്ക് മറ്റു ബാങ്കുകളെ ലയിപ്പിക്കാനാണ് നിര്‍ദേശമുള്ളത്. നിലവില്‍ 21 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."