ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് അഗ്‌നി പരീക്ഷ
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് അഗ്നിപരീക്ഷയാണ്. കഴിഞ്ഞ മൂന്നു തവണയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു പാര്‍ട്ടിയെ നയിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പിനാണ് ബി.ജെ.പി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്.
2002, 2007, 2012 വര്‍ഷങ്ങളില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയത് മോദിയായിരുന്നു. ഇപ്പോഴാകട്ടെ അദ്ദേഹം പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോളം ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്ന ഒരു നേതാവ് ഗുജറാത്തില്‍ ബി.ജെ.പിയ്ക്കില്ലെന്നതാണ് അവരെ അലട്ടുന്ന വലിയ പ്രശ്‌നം.
ബി.ജെ.പിയുടെ ഏകാധിപത്യത്തിനു പിന്നിലെ ശക്തി മോദിയായിരുന്നു. മൂന്നു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയായിരുന്നില്ല, മറിച്ച് മോദിയായിരുന്നു ഇവിടെ വിജയിച്ചതെന്നാണ് വിലയിരുത്തിയിരുന്നത്. മോദിക്ക് മുന്‍പ് സംസ്ഥാനത്ത് ബി.ജെ.പിവിജയിച്ചത് കേശുഭായ് പട്ടേലിന്റെ തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു. 1995ലും 1998ലുമായിരുന്നു അദ്ദേഹം പാര്‍ട്ടിയെ നയിച്ചിരുന്നത്.
അടുത്ത ഡിസംബറില്‍ ബി.ജെ.പി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അത് ഏത് രീതിയിലായിരിക്കും സംസ്ഥാനത്ത് പ്രതിഫലിക്കുകയെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം. കേന്ദ്രത്തില്‍ അധികാരമുണ്ടെങ്കിലും സംസ്ഥാനത്ത് നയിക്കാന്‍ നായകനില്ലാത്ത അവസ്ഥയിലാണ് നേതൃത്വം ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിയ്ക്കായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റെന്ന നിലക്ക് മോദി മത്സരിച്ചത് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നാണ്. ഗുജറാത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും അദ്ദേഹത്തിന് വിശ്വാസമില്ലെന്നതുതന്നെയായിരുന്നു കാരണം.
അദ്ദേഹത്തിന്റെ മുന്‍കാല ഭരണത്തിന്റെ റിക്കാര്‍ഡുകളൊന്നും ജനങ്ങള്‍ തിരിച്ചറിയില്ലെന്ന് മാത്രമല്ല മോദിയുടെ നീക്കം അവസരവാദപരമായിരുന്നതെന്ന തിരിച്ചറിവും ജനങ്ങള്‍ക്കുള്ളതുകൊണ്ടുകൂടിയാണ് അദ്ദേഹം വാരണാസിയെ തെരഞ്ഞെടുത്തതെന്നും വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും മോദിയോളം പ്രഭാവമുള്ള ഒരു നേതാവിനെപോലും ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് ഉയര്‍ത്തിക്കാട്ടാനില്ല. മുഖ്യമന്ത്രി വിജയ് റുപാനി മത്സര രംഗത്ത് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന വ്യക്തിയാണെങ്കിലും അദ്ദേഹം സ്വന്തം ഇമേജിന്റെ തടവറയിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യഥാര്‍ഥത്തില്‍ മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും കഴിഞ്ഞാല്‍ ബി.ജെ.പിയ്ക്ക് ഗുജറാത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ആളില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രചാരണം വന്‍മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അവിടേയ്ക്ക് ഓടിയെത്താന്‍ പോലും ബി.ജെ.പിയ്ക്കായിട്ടില്ല. പട്ടേല്‍ സമുദായം, ദലിത്-പിന്നോക്ക വിഭാഗമെല്ലാം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും ശിവസേന സ്വീകരിച്ച നിലപാടും സംസ്ഥാനത്ത് ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."