മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ഐ.ജിക്ക് സസ്പെന്ഷന്
തിരുവനന്തപുരം: അടിച്ച് പൂസായി ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം കറങ്ങിയ ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐ.ജി ഇ.ജെ ജയരാജിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഐ.ജിക്കെതിരേ നടപടി വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഐ.ജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സന്തോഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജയരാജും ഡ്രൈവര്‍ സന്തോഷും കൊട്ടാരക്കരയിലുള്ള ഒരു വീട്ടില്‍ ഔദ്യോഗിക വാഹനത്തിലെത്തി മദ്യപിച്ചത്. അമിതമായി മദ്യപിച്ചശേഷം വാഹനത്തില്‍ വരുമ്പോഴാണ് പൊലിസ് പിടിയിലായത്. കൊല്ലം അഞ്ചലില്വച്ച് നാട്ടുകാര്‍ ഈ വാഹനം തടഞ്ഞ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിനു ഡ്രൈവര്‍ സന്തോഷിനെതിരേ മാത്രം കേസെടുത്ത് ഒതുക്കാനായിരുന്നു ശ്രമം. എന്നാല്‍, ഈ വിവരം പ്രാദേശിക സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മദ്യപിച്ച ഡ്രൈവറെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് ജയരാജിനെതിരെയും കേസെടുത്തിരുന്നു.
സംഭവം പൊലിസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഐ.ജിക്കെതിരേ കര്‍ശന നടപടി വേണമെന്നും കൊല്ലം റൂറല്‍ എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടിക്ക് ഡി.ജി.പി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്. മദ്യപിച്ചു വാഹനത്തില്‍ കറങ്ങിയതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതും ഐ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തിരുവനന്തപുരത്ത്നിന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മദ്യപിച്ച് യുവതിയെ കടന്നു പിടിയ്ക്കാന്‍ ശ്രമിച്ചതിനും ഇത് എതിര്‍ത്ത യുവതിയുടെ ലാപ്ടോപ്പ് പിടിച്ചു വാങ്ങി പുറത്തേക്ക് എറിയാന്‍ ശ്രമിച്ചതിനും നടപടി എടുത്തിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രധാന തസ്തികയിലൊന്നും നിയമിക്കാതെ മാറ്റി നിര്‍ത്തിയിരുന്ന ജയരാജിനെ ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രധാന തസ്തികയില്‍ നിയമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."