യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിര്‍ണായക വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തുവിട്ടു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. തെരഞ്ഞെടുപ്പിനു മുന്നോടിയായി അമേരിക്കന്‍ ജനങ്ങളെ സ്വാധീനിക്കാന്‍ റഷ്യന്‍ കമ്പനികള്‍ ശ്രമിച്ചതിനു തെളിവുമായി ഫേസ്ബുക്ക് രംഗത്ത്. 2016ലെ തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവുമായി 80,000ത്തോളം പോസ്റ്റുകള്‍ റഷ്യ കേന്ദ്രമായുള്ള സംഘങ്ങള്‍ അപ്‌ലോഡ് ചെയ്തതായി ഫേസ്ബുക്ക് വൃത്തങ്ങള്‍ അന്വേഷണ സമിതിയെ അറിയിച്ചു. ഇവ 12 കോടി അമേരിക്കന്‍ ജനത കണ്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റുകളില്‍ മിക്കതും വിഭാഗീയമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടകങ്ങളുള്ളവയാണ്. കേസില്‍ സെനറ്റ് വാദംകേള്‍ക്കല്‍ നടക്കാനിരിക്കെയാണു നിര്‍ണായകമായ വിവരങ്ങള്‍ ഫേസ്ബുക്ക് വൃത്തങ്ങള്‍ പുറത്തുവിട്ടത്.
ട്വിറ്ററും ഗൂഗിളും ഇത്തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ നടന്നുവെന്നു തെളിയിക്കുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍.
2015 ജൂണ്‍ മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളെയാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ നിരീക്ഷിച്ചത്. ഈ പോസ്റ്റുകള്‍ റഷ്യന്‍ ഭരണകൂടവുമായി ബന്ധമുള്ള കമ്പനിയാണ് തയാറാക്കിയതെന്നും അവരുടെ നേതൃത്വത്തില്‍ വ്യാപകമായി സോഷ്യല്‍ മീഡിയാ കാംപയിന്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 170 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.
കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപിന്റെ ഉറ്റസഹായികളായിരുന്ന രണ്ടുപേര്‍ക്കെതിരേ റോബര്‍ട്ട് മ്യൂളരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഗൗരവമേറിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ മാനേജറായിരുന്ന പോള്‍ മാനഫോര്‍ട്ട്, ഡെപ്യൂട്ടി മാനേജറായിരുന്ന റിക്ക് ഗേറ്റ്‌സ് എന്നിവര്‍ക്കെതിരേ രാജ്യവിരുദ്ധ ഗൂഢാലോചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണു തിങ്കളാഴ്ച അന്വേഷണ സമിതി ചുമത്തിയത്.
ഉക്രൈനിലുള്ള റഷ്യന്‍ അനുകൂല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമായി ചേര്‍ന്ന് അമേരിക്കയ്‌ക്കെതിരേ ഗൂഢാലോചന നടത്തുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തതായാണ് ഇവര്‍ക്കെതിരായ കേസ്. കോടിക്കണക്കിനു രൂപ തട്ടിയതായും കേസുണ്ട്. അന്വേഷണ സമിതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഇരുവരും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഫ്.ബി.ഐ)ക്കു മുന്‍പാകെ കീഴടങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഇടപെട്ടതായുള്ള വാര്‍ത്തകള്‍ റഷ്യന്‍ അധികൃതര്‍ നിരവധി തവണ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. ട്രംപും ആരോപണങ്ങളെ പലതവണ നിഷേധിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ട്രംപ് ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."