ബ്ലൂവെയ്ല്‍ ഗെയിമിന് അടിമപ്പെട്ട യുവാവിന് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തില്‍ പുനര്‍ജന്മം
കുമ്പള: ബ്ലൂവെയ്ല്‍ ഗെയിമിന് അടിമപ്പെട്ട് മനോരോഗിയായി മാറിയ അസം സ്വദേശിക്ക് മഞ്ചേശ്വരം പാവൂരിലെ സ്‌നേഹാലയത്തില്‍ പുനര്‍ജന്മം. അസം സ്വദേശിയായ വാസിം അക്രം (22) ആണ് സ്‌നേഹാലയത്തിന്റെ കരുതലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കൗതുകത്തിന് മൊബൈലിലേക്ക് ഗെയിം ഡൗണ്‍ലോഡ് ചെയ്തതോടെ കുരുക്കില്‍പ്പെട്ട യുവാവിന്റെ മനോനില തകര്‍ന്നുപോവുകയായിരുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും മറന്നുപോയ യുവാവ് നാടും വീടുംവിട്ട് അലഞ്ഞുതിരിയുന്നതിനിടയില്‍ ഒരുമാസംമുന്‍പ് കര്‍ണാടക പണമ്പൂര്‍ പൊലിസിന്റെ പിടിയിലാകുകയായിരുന്നു.
മനോരോഗിയാണെന്ന് മനസ്സിലായതോടെ യുവാവിനെ പൊലിസ് മഞ്ചേശ്വരത്തെ പാവൂര്‍ സ്‌നേഹാലയത്തിലെത്തിച്ചു.
നല്ല പരിചരണവും ചികിത്സയും ലഭിച്ചതോടെ യുവാവിന്റെ മനോനില സാധാരണനിലയിലെത്തിയതായി സ്‌നേഹാലയത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നു. മനോനില ശരിയായതോടെയാണ് വാസിം അക്രം ബ്ലൂവെയില്‍ ഗെയിമിന്റെ ഇരയായിരുന്നുവെന്നകാര്യം അറിയുന്നത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മാതാപിതാക്കളെ കണ്ടെത്താനായത്.
തുടര്‍ന്ന് സ്‌നേഹാലയം അധികൃതര്‍ വസിം അക്രമിനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും മറ്റു പ്രമുഖരും യുവാവിനെ യാത്രയയക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."