കേരളപ്പിറവി; 150 അടി നീളത്തില്‍ 'ജീവ ഭൂപട'വുമായി വിദ്യാര്‍ഥികള്‍
കൊച്ചി: കേരളപ്പിറവി ദിനം വിദ്യാലയങ്ങളില്‍ പലപ്പോഴും ചോദ്യോത്തരപരിപാടിയിലോ ദേശഭക്തിഗാനത്തിലോ ഒതുക്കാറാണ് പതിവ്. പട്ടുപാവാടയും മുണ്ടുമൊക്കെ ധരിക്കുന്നതാണ് കേരളപ്പിറവി ദിനാഘോഷമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണവും വിരളമല്ല. എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി കേരളത്തെ തൊട്ടറിയിക്കുകയാണ് എറണാകുളം വടവുകാട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
കേരളപ്പിറവി ദിനമായ ഇന്ന് സ്‌കൂള്‍ മുറ്റത്തൊരുക്കുന്ന ജീവ ഭൂപടത്തില്‍ അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ 1,500 കുട്ടികളാണ് അണിനിരക്കുന്നത്. സ്‌കൂള്‍ മുറ്റം നിറഞ്ഞുനില്‍ക്കുന്ന തരത്തില്‍ 150 അടി നീളത്തിലാണ് കുട്ടികള്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറുന്നത്.
14 ജില്ലകളെ പ്രതിനിധീകരിച്ച് 14 വര്‍ണങ്ങളിലാണ് കുട്ടികള്‍ അണിനിരക്കുന്നത്. എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ്‌ക്രോസ് തുടങ്ങിയവയുടെ യൂനിഫോമുകളിലായിരിക്കും കുട്ടികള്‍ അണിനിരക്കുക. രാവിലെ 10.30 മുതല്‍ 20 മിനിറ്റ് സമയമാണ് ജീവ ഭൂപടം ഒരുങ്ങുന്നത്.
കേരളത്തിന്റെ ചരിത്രവും പൈതൃകവുമൊക്കെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ആദ്യം. പിന്നീട് ഒരു മിനിറ്റുസമയമെടുത്ത് ഓരോ ജില്ലയിലും അണിനിരക്കുന്ന കുട്ടികള്‍ ആ ജില്ലയെപ്പറ്റി വിശദീകരിക്കും.
കേരളത്തെക്കുറിച്ച് കുട്ടികള്‍ക്ക് ചുരുങ്ങിയ സമയംകൊണ്ട് അറിവ് പകരുകയാണ് ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ പറഞ്ഞു. തൊട്ടടുത്ത വടവുകാട് ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലുള്ളവരെയുമൊക്കെ ജീവ ഭൂപടം കാണാനായി ക്ഷണിച്ചിട്ടുണ്ട്. അറുപത്തൊന്നാമത് കേരളപ്പിറവി ദിനമായതിനാല്‍ 61 വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളിയും നടക്കും.
തുടര്‍ന്ന് ഭൂപടം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരത്തില്‍ വിളംബര ജാഥയും നടത്തും. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ജാഥയില്‍ അവതരിപ്പിക്കും. പി.ടി.എ പ്രസിഡന്റ് എം.എ രവി, വൈസ് പ്രസിഡന്റ് പ്രീത ബാബുരാജ്, സ്റ്റാഫ് സെക്രട്ടറി കെ.വൈ ജോഷി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ബിനു കെ. വര്‍ഗീസ്, സിമി ഡാനിയേല്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."