ശ്രേഷ്ഠ ഭാഷയായിട്ടും മലയാളത്തിന് രക്ഷയില്ല
തിരുവനന്തപുരം: ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ട് നാലുവര്‍ഷമായെങ്കിലും സര്‍ക്കാരിന് ഇന്നും മലയാളത്തോട് അയിത്തം. 'മലയാളം നമ്മുടെ മാതൃഭാഷ, മലയാളം നമ്മുടെ ഭരണഭാഷ' എന്നതാണ് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യമെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഫയലുകളിലും മലയാളത്തിന് സ്ഥാനമില്ല.
എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തിയ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് പോലും ഇംഗ്ലീഷിലാണുള്ളത്.
പി.ആര്‍.ഡിയിലാകട്ടെ വാര്‍ത്തകളും അറിയിപ്പുകളും ഒഴിച്ചാല്‍ ബാക്കിയെല്ലാം ഇംഗ്ലീഷിലാണ്. ഭരണഭാഷ മലയാളമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതൊന്നും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ബാധകമല്ല.
പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ട പൊതുജന സമ്പര്‍ക്ക വകുപ്പുപോലും മലയാളത്തിലേക്കു തിരിയാന്‍ മടിക്കുന്നു. സുപ്രധാന വിവരങ്ങളെല്ലാം ഇംഗ്ലീഷില്‍ തന്നെയാണുള്ളത്. പാവപ്പെട്ടവരെ സഹായിക്കുന്ന സാമൂഹ്യനീതി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും മലയാളം കണ്ടതായി നടിക്കുന്നില്ല.
വെബ്‌സൈറ്റുകള്‍ മാത്രമല്ല ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം ഇംഗ്ലീഷില്‍ തന്നെയാണ് ഇറക്കുന്നത്. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെകാര്യവും വ്യത്യസ്തമല്ല. ഫയലുകള്‍ മുഴുവനും ഇംഗ്ലീഷില്‍ തന്നെ.
പൊലിസ് ആസ്ഥാനത്തുനിന്ന് ഇറക്കുന്ന ഉത്തരവുകളിലും മലയാളത്തിന് സ്ഥാനമില്ല. ജി.എ.ഡി വഴി ഇന്നലെ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവുപോലും മലയാളത്തിന് അയിത്തം കല്‍പ്പിച്ചു.
വര്‍ഷംതോറും മലയാള വാരാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴാണ് മലയാളത്തിന്റെ ഈ ദുരവസ്ഥ. ഇതിനായി ഇറക്കുന്ന ഉത്തരവുകള്‍പോലും ഇംഗ്ലീഷിലാണ് ഇറക്കാറുള്ളത്. 2000 വര്‍ഷത്തില്‍ കൂടുതല്‍ ചരിത്രമുള്ള ഭാഷയ്ക്കാണ് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുക.
ഇതാണ് നാലുവര്‍ഷം മുന്‍പ് അഭിമാനത്തോടെ നമ്മള്‍ നേടിയത്. 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി മലയാളത്തെ ശ്രേഷ്ഠമായി അംഗീകരിച്ചു. 2013 മെയ് 23ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും കിട്ടി. ശ്രേഷ്ഠഭാഷയുടെ വികസനത്തിനായി 100 കോടി രൂപ കേന്ദ്രത്തില്‍നിന്ന് അടിച്ചെടുക്കുകയും ചെയ്തു.
അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഇംഗ്ലീഷിനും മാതൃഭാഷയ്ക്കും പ്രത്യേക വിഭാഗങ്ങളുണ്ട്.
ഉദ്യോഗസ്ഥരാണ് മലയാളത്തെ അവഗണിക്കുന്നതിനുപിന്നിലെന്നാണ് മലയാളം മിഷന്‍ ഡയരക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ് പറയുന്നത്. ഇതിനെ കര്‍ശനമായി നേരിടണം. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലസമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."