കലോത്സവ കലകള്‍
കുച്ചിപ്പുടി
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി എന്ന ഗ്രാമത്തിലാണ് ഇതിന്റെ ഉത്ഭവം. അതുകൊണ്ടുതന്നെയാണ് ഈ പേര് കൈവരിച്ചതും. നാട്യശാസ്ത്രമാണ് കുച്ചിപ്പുടിയുടെ പ്രമാണഗ്രന്ഥം. ആദ്യകാലത്ത് സംഘമായി അവതരിപ്പിച്ചിരുന്നത് ഇന്ന് ഏകാങ്കനൃത്തരൂപമായി മാറിയിട്ടുണ്ട്. മൃദംഗം, വയലിന്‍, വീണ, പുല്ലാങ്കുഴല്‍ എന്നിവയാണ് താളവാദനങ്ങള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരമുണ്ട്. പത്തു മിനുട്ടാണ് സമയദൈര്‍ഘ്യം.
കഥാപ്രസംഗം
പേരുപോലെത്തന്നെ കഥയും പ്രസംഗവും സംഗീതവും ഒത്തുചേരുന്ന കലയാണിത്. കഥാപ്രാസംഗികന്‍ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുകയാണിവിടെ. 1919ല്‍ മാര്‍ക്കേണ്ഡേയ ചരിത്രം അവതരിപ്പിച്ച സത്യദേവനാണ് കഥാപ്രസംഗത്തിന് ആരംഭം കുറിച്ചത്. ഭക്തിനിര്‍ഭരമായ വിഷയങ്ങളിലൂന്നിയായിരുന്നു ആദ്യകാലത്തെ വിഷയങ്ങള്‍. ക്രമേണ ഇത് സാമൂഹിക സംഭവങ്ങളെയും വര്‍ത്തമാന ചിത്രത്തെയും പറയുന്നതായി മാറി.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി കഥാപ്രസംഗം രംഗത്തുവന്നു. സാമൂഹ്യപരമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ നാടകത്തെപ്പോലെ കഥാപ്രസംഗവും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. പതിനഞ്ച് മിനുട്ടാണ് സമയം. പിന്നണിയില്‍ നാലുപേരുവരെയാകാം.
പഞ്ചവാദ്യം
കേരളത്തിന്റെ തനതുവാദ്യകലയാണ് പഞ്ചവാദ്യം. ക്ഷേത്രോത്സവങ്ങളില്‍ സാധാരണയായി അവതരിപ്പിക്കുന്ന ഈ കലയില്‍ തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഓടക്കുഴല്‍, മൃദംഗം, കുഴല്‍ എന്നിവയും ഉപയോഗിച്ചുവരുന്നു. എറണാകുളം ജില്ലയിലാണ് ഉത്ഭവമെന്നു പറയപ്പെടുന്നു.
ഇന്നുകാണുന്ന രീതിയില്‍ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, അന്നമനട പീതാംബരമാരാര്‍, അന്നമനട അച്യുതമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, പട്ടാരത്ത് ശങ്കരമാരാര്‍ എന്നിവരാണ്. ഏറ്റവും പ്രശസ്തവും കൃത്യവുമായ പഞ്ചവാദ്യാവതരണം തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ക്ഷേത്രസംഘം അവതരിപ്പിക്കുന്നതാണ്. ഏഴുപേരാണ് സംഘത്തിലുണ്ടാകേണ്ടത്. ഇരുപത് മിനുട്ടാണ് സമയദൈര്‍ഘ്യം.
മിമിക്രി
വിവിധങ്ങളായ സംഗതികളുടെ ശബ്ദചിത്രമാണ് മിമിക്രിയിലൂടെ അവതരിപ്പിക്കുന്നത്. ഇന്നു രാഷ്ടീയ നേതാക്കള്‍, നടീനടന്മാര്‍, മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ ശബ്ദാനുകരണമാണ് നടക്കുന്നത്. ശബ്ദാനുകരണമാകുമ്പോള്‍ ഈ കലയില്‍ പുതുമകളുടെ സൃഷ്ടിപ്പ് അസാധ്യമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ട്രെയിനിന്റെയും ശബ്ദങ്ങള്‍ അനുകരിച്ചിരുന്ന കാലത്തുനിന്ന് ഇന്നല്‍പം ഗതി മാറിയിട്ടുണ്ട്. അഞ്ചുമിനുട്ടാണ് സമയദൈര്‍ഘ്യം.
അറബന മുട്ട്
മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ഭക്തിപൂര്‍വം കൊണ്ടാടുന്ന ഒരു അനുഷ്ഠാന കലയാണിത്. അറബന എന്ന വാദ്യോപകരണത്തില്‍ കൈ കൊണ്ട് മുട്ടുന്നതാണ് രീതി. മരച്ചട്ട, തോല്‍ എന്നിവകൊണ്ടാണ് അറബന നിര്‍മിക്കുന്നത്. കിലുക്കങ്ങളും ഇതിന്റെ ഒരറ്റത്ത് കെട്ടിവയ്ക്കാറുണ്ട്.
പൂര്‍വികരെ ഓര്‍ക്കുന്ന പാട്ടിന്റെ താളത്തില്‍ പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത്തില്‍ ചലിച്ചുതുടങ്ങുന്നതാണ് ഇതിന്റെ രീതി. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ള തുണികൊണ്ടുള്ള സവിശേഷ രീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് വേണ്ടത്.
കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക് എന്നിവ കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.തീര്‍ത്തും ഭാവവ്യത്യാസങ്ങള്‍കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത്. ആണ്‍കുട്ടികള്‍ക്കുള്ള മത്സരത്തില്‍ പത്തുപേരാണുണ്ടാകേണ്ടത്.പത്തുമിനുട്ടാണ് സമയദൈര്‍ഘ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."