കൊടുവള്ളി നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ റസിയാ ഇബ്രാഹിം രാജിവച്ചു
കൊടുവള്ളി: കൊടുവള്ളി നഗരസഭാ കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ റസിയാ ഇബ്രാഹിം നഗരസഭാ മെംബര്‍ സ്ഥാനം രാജിവച്ചു. നഗരസഭാ 19ാം ഡിവിഷന്‍ തലപ്പെരുമണ്ണയില്‍ നിന്ന് യു.ഡി.എഫ് പാനലില്‍ മത്സരിച്ച് ജയിച്ച റസിയാ ഇബ്രാഹിം ഇന്നലെ രാവിലെ പത്തരയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച റസിയാ ഇബ്രാഹിം മുസ്‌ലിം ലീഗിനെതിരെ അഴിമതി ആരോപിച്ചാണ് രാജിവച്ചത്.
2010 മുതല്‍ കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അഞ്ച് വര്‍ഷക്കാലം ഭരണത്തിലിക്കുന്നവര്‍ നടത്തിയ അഴിമതികള്‍ക്ക് സാക്ഷിയാകേണ്ടി വന്ന താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലക്ക് മൗനം പാലിക്കുകയായിരുന്നെന്നും തനിക്ക്
പങ്കില്ലാത്ത അഴിമതികളുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുകയായിരുന്നുവെന്നും റസിയാ ഇബ്രാഹിം ആരോപിച്ചു. തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയവര്‍ പ്രതിരോധിക്കുന്നതില്‍ വിമുഖത കാട്ടി തന്നെ ബലിയാടാക്കുകയായിരുന്നു. കൊടുവള്ളി നഗരസഭയായി മാറിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അഴിമതിക്കാരായ ചില വ്യക്തികള്‍ക്ക് മാറി നില്‍ക്കേണ്ടിവരുമെന്നതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയായത് മുതല്‍ വന്‍ അഴിമതികള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തവണ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടന്നു. ലക്ഷങ്ങളുടെ അഴിമതിയാണ് നഗരസഭയിലെ ചില ഭരണകക്ഷി അംഗങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി നേതൃത്വത്തിന് അതത് സന്ദര്‍ഭങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജിവക്കാന്‍ തീരുമാനിച്ചതെന്നും മുസ്‌ലിം ലീഗ് പാര്‍ട്ടിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും നിലവില്‍ വനിതാ ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റുകൂടിയായ റസിയാ ഇബ്രാഹിം വ്യക്തമാക്കി. അതേസമയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് റസിയാ ഇബ്രാഹിമിന്റെ രാജിക്ക് കാരണമെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്.
- റസിയാ ഇബ്രാഹിമിന്റെ രാജി: കള്ളക്കടത്ത് ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇടത് സമ്മര്‍ദ്ദം മൂലമെന്ന് യു.ഡി.എഫ്
കൊടുവള്ളി: നഗരസസഭാ കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ റസിയാ ഇബ്രാഹിമിന്റെ രാജി കള്ളക്കടത്ത് മാഫിയയുമായി ഇടത് എം.എല്‍.എമാര്‍ക്കും കൗണ്‍സിലര്‍ക്കുമെതിരെയുള്ള ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുസ്‌ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് റസിയാ ഇബ്രാഹിം അഴിമതിക്കാരിയാണെന്നും അവരെ ചെയര്‍പേഴ്‌സണ്‍ ആക്കരുതെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പാണക്കാട് ചേര്‍ന്ന യോഗത്തില്‍ റസിയാ ഇബ്രാഹിമിനെ പരിഗണിക്കണ്ട എന്ന തീരുമാനമാണ് കൈക്കോണ്ടത്. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നതിനായി പാര്‍ട്ടിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാനാണ് റസിയാ ഇബ്രാഹിം ശ്രമിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
നഗരസഭാ മെംബര്‍ സ്ഥാനം രാജിവച്ചതിന് പിന്നില്‍ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഉണ്ടായിട്ടുണ്ട്. നഗരസഭയില്‍ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്ന റസിയാ ഇബ്രാഹിം സ്ഥിരം സമിതി അധ്യക്ഷ എന്ന നിലയില്‍ വിയോജനക്കുറിപ്പോ പരാതിയോ ഇതുവരെ ഉന്നയിക്കാഞ്ഞതെന്തെന്ന് നേതാക്കള്‍ ചോദിച്ചു. കുറച്ച് കാലമായി ഇടതുപക്ഷത്തിന്റെ കളിപ്പാവയായിരുന്നു റസിയാ ഇബ്രാഹിം. വിജിലന്‍സ് കേസില്‍ പ്രതികളായവരെയും കളങ്കിതരേയും റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി ഇടതുപക്ഷം മാറിയെന്നും സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇടത് എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറച്ചുവയ്ക്കാന്‍ രാജിസമ്മര്‍ദ്ദം നടത്തി യു.ഡി.എഫിനെ ഭയപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.അബ്ദുല്‍ റസാഖ്, പി.സി അഹമ്മദ് ഹാജി, വി.കെ അബ്ദുഹാജി, സി.എം ഗോപാലന്‍, കെ.ടി.സുനി, എ.പി മജീദ് മാസ്റ്റര്‍, കെ.കെ.എ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."