വിദ്യാര്‍ഥിനി മരിച്ച കേസ് അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാവുമോയെന്ന് ഹൈക്കോടതി
കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച കേസില്‍ അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാവുമോയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലിസിനുനിര്ദേശം നല്കി. സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപികമാരായ ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
അധ്യാപകര്ക്കെതിരേ നിയമത്തിലെ 305-ാം വകുപ്പനുസരിച്ച് കുട്ടിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തുന്നതെങ്കില്‍ അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. ഒക്ടോബര്‍ 20നാണ് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത്. ചികിത്സയിലിരിക്കെ 23ന് മരിച്ചു. അധ്യാപികമാരുടെ ശകാരത്തില്‍ മനം നൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പൊലിസ് ആത്മഹത്യാ പ്രേരണാകുറ്റമടക്കമുള്ളവ ചുമത്തി അധ്യാപികമാര്‍ക്കെതിരേ കേസെടുത്തു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്കൂളിലെ ചില കുട്ടികള്‍ തമ്മിലുള്ള നിസാര പ്രശ്നത്തിന്റെ പേരിലാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇരുവരും ജാമ്യാപേക്ഷയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."