ഗസ്സ അതിര്‍ത്തി നിയന്ത്രണം ഫലസ്ഥീന് അതോറിറ്റിക്ക് ഹമാസ് കൈമാറി
ഗസ്സ: ഗസ്സയിലേക്കുള്ള അതിര്‍ത്തി നിയന്ത്രണ അധികാരം ഫലസ്ഥീന് അതോറിറ്റിക്ക് ഹമാസ് കൈമാറി. അഞ്ചു അതിര്‍ത്തികളിലെ അധികാരമാണ് കൈമാറിയത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസിന്റെയും ഫത്ഹിന്റെയും ഇടയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനമാണ് ഇന്നലെ നടപ്പിലാക്കിയത്.
അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഹമാസും ഫത്ഹും വ്യവസ്ഥകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഫത്ഹ് വക്താവ് ഒസാമ ഖ്വവാസ്മ പറഞ്ഞു. 2007ന് മുന്‍പുണ്ടായിരുന്ന പൂര്‍വ ഫലസ്ഥീന് അതിര്‍ത്തിയിലേക്കാണ് ഇപ്പോള്‍ മടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിലേക്കുള്ള അതിര്‍ത്തിയായ കറം അബു സലേം, റഫ, ബൈത്തു ഹനൂന്‍ എന്നീ അതിര്‍ത്തികളിലേക്കുള്ള നിയന്ത്രണങ്ങളും ഫലസ്ഥീന് അതോറിറ്റി ഉടന്‍ ഏറ്റെടുക്കും.
റാഫ അതിര്‍ത്തിയുമായി ചേര്‍ന്നുള്ള ഈജിപ്ത് സര്‍ക്കാരുമായി മികച്ച ബന്ധം തുടരുമെന്ന് ഫലസ്ഥീന് പൊതുകാര്യ മന്ത്രി ഇന്നലെ പ്രസ്താവനയിലൂടെ പറഞ്ഞു. ഹമാസ് ഗസ്സ ഏറ്റെടുത്തത് മുതല്‍ റഫ അതിര്‍ത്തി ഈജിപ്ത് ഉപരോധിച്ചിരിക്കുകയാണ്. ഐക്യ ഫലസ്ഥീന് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതോടെ റഫ അതിര്‍ത്തി തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."