എന്‍.ഡി.പി.എസ് ആക്ട് ഭേദഗതി കടലാസില്‍ ഒതുങ്ങി; എക്‌സൈസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട 1985ലെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രാപിക്‌സ് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) ആക്ട് പരിഷ്‌കരണം കടലാസില്‍ ഒതുങ്ങി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ ആക്ടിലുള്ള ശിക്ഷാവിധി പരിഷ്‌കരിക്കണമെന്ന ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണന കാത്തിരിക്കുന്നത്.
ഇതുസംബന്ധിച്ചു സംസ്ഥാനത്ത് പ്രത്യേകം നിയമമില്ലാത്തതിനാല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കും ഈ ആക്ട് ആണ് ബാധകമാകുന്നത്. കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചാല്‍ ചെറിയ ശിക്ഷ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നതിനു ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആറുമാസംവരെ കഠിനതടവോ, പതിനായിരം രൂപവരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അധികൃത ഒത്താശയോടെ പലപ്പോഴും പ്രതികള്‍ പിഴ ഒടുക്കി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്.
ശിക്ഷയുടെ കാഠിന്യം കുറവായതോടെ പ്രതികള്‍ വീണ്ടും സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും വര്‍ധിക്കുകയാണ്. എന്‍.ഡി.പി.എസ് ആക്ടിന്റെ പരിഷ്‌കരണം സംബന്ധിച്ച് എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ ഋഷിരാജ് സിങ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. രണ്ടുമാസത്തിനിടെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 347ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്കാരി കേസുകളില്‍ 74ശതമാനം കേസുകളില്‍ 135ശതമാനവും കോട്പ (സിഗററ്റ്, അനുബന്ധ ഉല്‍പന്നങ്ങളുടെ വിപണനം) കേസുകളില്‍ 582ശതമാനം വര്‍ധനയുമാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം 2852 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂലൈ വരെ 4952ഉം കഴിഞ്ഞവര്‍ഷം 1430 കേസുകളും ഈ വര്‍ഷം ഇതുവരെ 10,690 ആയും കോട്പ കേസുകള്‍ 259ല്‍ നിന്നു 1566ആയും വര്‍ധിച്ചു. 2013ല്‍ 793ഉം 2014ല്‍ 970ഉം എന്‍.ഡി.പി.എസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിദ്യാലയങ്ങള്‍ക്കു സമീപം ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011-16 കാലയളവില്‍ എക്‌സൈസ് 4536 കേസുകള്‍ എടുത്തപ്പോള്‍ 14,862കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി എന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."