റിക്രൂട്ട്‌മെന്റ് കോഴ: മിലിട്ടറി ഇന്റലിജന്‍സ് അന്വേഷിക്കും
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി കോഴിക്കോട്ട് നടന്നു വരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ കോഴ ആവശ്യപ്പെട്ടെന്ന പേരില്‍ ലഭിച്ച ഊമക്കത്തിന്റെ വാസ്തവം മിലിട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പി.എസ്.ബജ്‌വ. ഡല്‍ഹി കരസേന ആസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് അഡീഷനല്‍ ഡയറക്ടര്‍ ജനറലിന് ലഭിച്ച അജ്ഞാതന്റെ കത്താണ് അന്വേഷണത്തിനാധാരം. കോഴിക്കോട് കരസേന റിക്രൂട്ട്‌മെന്റ് ഓഫിസിലെ ചിലര്‍ പണം വാങ്ങി ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നുവെന്നാണ് ആരോപണം. ഉദ്യോഗാര്‍ഥികളില്‍ ചിലരെ ഫോണില്‍ ബന്ധപ്പെട്ട് പണം നല്‍കിയാല്‍ ജോലി ഉറപ്പാണെന്ന വാഗ്ദാനം നല്‍കിയതായാണ് കത്തിലുള്ളത്. സാധാരണഗതിയില്‍ ഇത്തരം സന്ദേശങ്ങളെ കരസേന ഗൗരവമായി കാണാറില്ലെങ്കിലും കത്തില്‍ കഴമ്പുണ്ടോ എന്ന് ആദ്യം അന്വേഷിക്കും.
2000 ഒഴിവിലേക്ക് 40000 ത്തോളം അപേക്ഷകള്‍ എത്തി. ഇത് റെക്കോര്‍ഡാണ്. 28000 പേര്‍ റാലിയില്‍ പങ്കെടുത്തെന്നും കോഴ വാഗ്ദാനങ്ങള്‍ പോലുള്ള സംഭവങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധ പാലിക്കണമെന്നും ബജ്‌വ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2000 പേരെ തെരഞ്ഞെടുത്തതിനുശേഷം ജനുവരിയില്‍ എഴുത്തു പരീക്ഷ നടത്തും. കഴിഞ്ഞ 23ന് ആരംഭിച്ച റിക്രൂട്ട്‌മെന്റ് ക്യാംപ് നാളെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."