വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന് വകുപ്പു മേധാവികളോട് മുഖ്യമന്ത്രി. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനം ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തോട് അയിത്തം കാണിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫണ്ട് ലഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. മാതൃഭാഷയുടെ പ്രോത്സാഹനത്തിനും പഠനത്തിനുമായി നിയമനിര്‍മാണം നടത്തിയെങ്കിലും നിര്‍വഹണ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. മാതൃഭാഷാ പഠനത്തിന് നിയമം വന്നത് ഭാഷാന്യൂനപക്ഷ മേഖലകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പഠനമാധ്യമം ന്യൂനപക്ഷ ഭാഷ തന്നെയാവും. എന്നാല്‍ ഉപഭാഷയായി മലയാളം പഠിക്കണം. ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ. പന്‍മന രാമചന്ദ്രന്‍ നായരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ജനപഥം ഭരണഭാഷാ പതിപ്പും ഭരണഭാഷ പഠനപദ്ധതി പതിപ്പും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭരണഭാഷ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷ പ്രതിജ്ഞയെടുത്തു. മന്ത്രി എ. കെ. ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം,പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, വകുപ്പ് മേധാവികള്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."