വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇന്നലെ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഉടനടി ദേശീയ ഫെഡറേഷനെ അറിയിക്കുമെന്ന് ചെയര്‍മാന്‍ ടി.പി ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പട്ടതായും തിരുത്താന്‍ അവസരം നല്‍കിയിട്ടും അതിന് തയാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. പി.സി ചാര്‍ളി പ്രസിഡന്റും നാലകത്ത് ബഷീര്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭരിക്കുന്നത്. കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരെത്ത തന്നെ സസ്‌പൈന്‍ഡ് ചെയ്തിരുന്നു. കൗണ്‍സില്‍ നടത്തിയ വിശദമായ പരിശോധനയില്‍, സംസ്ഥാന കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് വോളിബോള്‍ അസോസിയേഷന്റെ ബഹുഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും മിക്ക ജില്ലാ ഭാരവാഹികളും 12 വര്‍ഷത്തിലേറെയായി ഒരേ പദവിയില്‍ തുടരുന്നതായി കണ്ടെത്തി. അസോസിയേഷന്റെ സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന തലത്തില്‍ കളിച്ചിട്ടുള്ള വോളിബോള്‍ താരങ്ങള്‍ ആയിരിക്കണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ. ഇതും ലംഘിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിലാണ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇതോടെ അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലാതാകും. നടപടി വിവരം അറിയിക്കുന്നതിന് അനുസരിച്ച് പകരം സംവിധാനം ഒരുക്കേണ്ടത് ദേശീയ വോളിബോള്‍ ഫെഡറേഷനാണെന്നും ടി.പി ദാസന്‍ വ്യക്തമാക്കി.
ഇതോടൊപ്പം സംസ്ഥാന ചെസ്സ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്യാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷന്റെ സെക്രട്ടറി കൂടിയാലോചന കൂടാതെ കാര്യങ്ങള്‍ നടത്തുകയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
കബഡി അസോസിയേഷനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ ധാരാളം അപാകതകള്‍ വരുത്തുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് കബഡി അസോസിയേഷന് എതിരായ ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യും.
വുഷു അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് പരിഹരിക്കും. തെരെഞ്ഞെടുപ്പ് നടത്തി അസോസിയേഷന് പുതിയ ഭാരവാഹികളെയും കണ്ടെത്തും. റോളര്‍ സ്േകറ്റിങ്, സൈക്കിള്‍ പോളോ, ബോക്‌സിങ് അസോസിയേഷനുകള്‍ക്കെതിരായ പരാതികളും കൗണ്‍സില്‍ പരിശോധിക്കും.
ഫിഫ ലോകകപ്പ് മത്സരത്തിന് ഏഴ് ലക്ഷം രൂപ നല്‍കി പി.ആര്‍ ഏജന്‍സിയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമിച്ചിരുന്നുവെന്നും ഏജന്‍സിയുടെ പ്രവര്‍ത്തനം ഫലപ്രദമായിരുന്നുവെന്നും ടി.പി ദാസന്‍ വ്യക്തമാക്കി. കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സന്‍ മേഴ്‌സിക്കുട്ടന്‍, സെക്രട്ടറി സന്‍ജയന്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."