അണ്ടര്‍ 19 ഏകദിനം: കേരളാ വനിതകള്‍ക്ക് വിജയം
ഗുണ്ടൂര്‍: അണ്ടര്‍ 19 വനിതാ ഏകദിന ലീഗ് പോരാട്ടത്തില്‍ കേരളാ വനിതകള്‍ക്ക് വിജയം. നാല് റണ്‍സിന് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിപ്പിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്. ജയത്തോടെ കേരളത്തിന് നാല് പോയിന്റ് ലഭിച്ചു.
ഫീല്‍ഡിങ് മികവിലാണ് കേരളം നാടകീയ വിജയം പിടിച്ചെടുത്തത്. ജയം തേടിയിറങ്ങിയ ഹൈദരാബാദ് വനിത ടീമിലെ അഞ്ച് താരങ്ങളെ കേരള ഫീല്‍ഡര്‍മാര്‍ റണ്ണൗട്ടിലൂടെ കൂടാരം കയറ്റി. അഞ്ചില്‍ മൂന്ന് താരങ്ങളെ ക്യാപ്റ്റന്‍ മിന്നു മണിയാണ് എറിഞ്ഞ് വീഴ്ത്തിയത്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും തിളങ്ങി ക്യാപ്റ്റന്‍ ഓള്‍റൗണ്ട് മികവുമായി കളം നിറഞ്ഞു. ടീമിന്റെ ടോപ് സ്കോററായ മിന്നു ബൗള്‍ ചെയ്ത് രണ്ട് വിക്കറ്റും വീഴ്ത്തി.
ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ബിബി സെബാസ്റ്റ്യന്‍ സ്വന്തമാക്കി. ഹൈദരാബാദിനായി ക്യാപ്റ്റന്‍ വങ്ക പൂജ 38 റണ്‍സുമായി ടോപ് സ്കോററായി പുറത്താകാതെ നിന്നു. ഒപണര്മാരായ ത്രിഷ (29), ത്രിഷ പൂജിത (18) എന്നിവരും രണ്ടക്കം കണ്ടു. മറ്റൊരു താരത്തിനും രണ്ടക്കം പോലും കടക്കാന്‍ സാധിച്ചില്ല. കേരള താരങ്ങളുടെ ഫീല്‍ഡിങ് മികവില്‍ ഹൈദരാബാദിന്റെ മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
നേരത്തെ ടോസ് നേടി കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാളവിക സാബു (26), ക്യാപ്റ്റന്‍ മിന്നു മണി (24), ജിസ്ന ജോസഫ് (22), ദൃശ്യ (21) എന്നിവരുടെ മികവിലാണ് കേരളം 151 റണ്‍സെടുത്തത്.
കേരള ടീം: മിന്നു മണി (ക്യാപ്റ്റന്‍), ദൃശ്യ, അലീന സുരേന്ദ്രന്, ബിബി സെബാസ്റ്റ്യന്‍, മനീഷ, റോഷ്നി സെബാസ്റ്റ്യന്‍, സൗരഭ്യ, ശ്രുതി, അഞ്ജു രാജന്, ജിസ്ന ജോസഫ്, മാളവിക സാബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."