നെഹ്റയുടെ മടക്കം വിജയത്തോടെ
ന്യൂഡല്‍ഹി: ഒടുവില്‍ ആറാം പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തി. കഴിഞ്ഞ അഞ്ച് ടി20 പോരാട്ടത്തിലും ഇന്ത്യയെ കീഴടക്കിയ ന്യൂസിലന്‍ഡിന് ആറാം പോരാട്ടത്തില്‍ കാലിടറി. കിവികള്‍ക്കെതിരേ ആദ്യമായി ഇന്ത്യ ഒരു ടി20 പോരാട്ടം വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റയ്ക്ക് ഉജ്ജ്വല വിജയത്തോടെ വിട വാങ്ങല്‍ മത്സരമൊരുക്കാനും ഇന്ത്യക്ക് സാധിച്ചു. 53 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി പറയാനിറങ്ങിയ കിവികളുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ അവസാനിച്ചു. നെഹ്റ വിട വാങ്ങല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയും ചെയ്തു.
മത്സരത്തില്‍ കാര്യമായി തിളങ്ങാന്‍ നെഹ്റയ്ക്ക് സാധിച്ചില്ലെങ്കിലും വിജയത്തോടെ അന്താരാഷ്ട്ര പോരാട്ടങ്ങളോട് വിട പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാലോവര്‍ എറിഞ്ഞ നെഹ്റ 29 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. രണ്ട് വീതം വിക്കറ്റുകളെടുത്ത അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ ബൗളിങാണ് ന്യൂസിലന്‍ഡിനെ കുഴക്കിയത്. ഭുവേേനശ്വര് കുമാര്‍, ബുമ്റ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ന്യൂസിലന്‍ഡ് നിരയില്‍ 39 റണ്‍സെടുത്ത ടോം ലാതം 28 റണ്‍സെടുത്ത നായകന് കെയ്ന്‍ വില്ല്യംസന് എന്നിവര്‍ മാത്രമാണ് മുന്‍നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് 14 പന്തില്‍ 27 റണ്‍സുമായി സന്റാനര്‍ പൊരുതിയെങ്കിലും വിജയത്തിലെത്താനുള്ള അവസരം അപ്പോഴേക്കും ഇല്ലാതായിരുന്നു. മറ്റൊരു ബാറ്റ്സ്മാന്മാര്ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിവി നായകന്റെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന്‍ ഓപണര്‍മാര്‍ തെളിയിച്ചു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന സഖ്യം ഇന്ത്യക്ക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 16.2 ഓവറില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. രോഹിത് 55 പന്തില്‍ ആറ് ഫോറും നാല് സിക്സും പറത്തി 80 റണ്‍സെടുത്തു. 52 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സുമടക്കം ധവാനും 80 റണ്‍സ് കണ്ടെത്തി. ധവാനാണ് ആദ്യം വീണത്.
ഇഷ് സോധിയാണ് താരത്തെ പുറത്താക്കിയത്. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ രണ്ട് പന്തുകള്‍ നേരിട്ട് സംപൂജ്യനായി മടങ്ങി. നാലാമനായി ക്രീസിലെത്തിയ നായകന് കോഹ്ലി മറ്റൊരു വെടിക്കെട്ടിന് തിരികൊളുത്തി. നായകന് 11 പന്തില്‍ മൂന്ന് സിക്സുകള്‍ തൂക്കി 26 റണ്‍സുമായി പുറത്താകാതെ നിന്നു. 18ാം ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മയും മടങ്ങി. പിന്നീട് ക്രീസിലെത്തിയ ധോണിയും വന്ന വഴിക്ക് തന്നെ പന്ത് സിക്സിലേക്ക് തൂക്കി. മുന്‍ നായകന് രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി സ്കോര്‍ 200 കടത്തി പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റെടുത്ത സോധിയാണ് കിവി ബൗളര്‍മാരില്‍ തിളങ്ങിയത്. ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."