നാണംകെട്ട് ചെല്‍സി; ഗോളടിക്കാതെ ബാഴ്‌സ
റോം: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സിക്ക് നാണംകെട്ട തോല്‍വി. ഇറ്റാലിയന്‍ കരുത്തരായ റോമയാണ് ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയത്. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ ഒളിംപ്യാകോസ് ഗോള്‍രഹിത സമനിലയില്‍ തളച്ചതും ശ്രദ്ധേയമായി. 2012ന് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളടിക്കാതെ മത്സരം അവസാനിപ്പിക്കുന്നത്. മത്സരത്തിനിടെ രണ്ട് താരങ്ങള്‍ക്ക് പരുക്കേറ്റതും കറ്റാലന്‍ ടീമിന് തിരിച്ചടിയായി. സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഖ്വരബഗ് 1-1ന് സമനിലയില്‍ തളച്ചു. സമനിലയില്‍ പിരിയേണ്ടി വന്നതോടെ അത്‌ലറ്റിക്കോയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയും നേരിടേണ്ടി വന്നു. ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനും സമനിലയുമായി രക്ഷപ്പെടേണ്ടി വന്നു. സ്‌പോര്‍ടിങ് സി.പിയുമായുള്ള പോരാട്ടത്തിലാണ് യുവന്റസ് 1-1ന് സമനില പാലിച്ചത്.
മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 2-1ന് സെല്‍റ്റിക്കിനെ വീഴ്ത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് കൂടുതല്‍ അടുത്തു. ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്റര്‍ലെറ്റിനെ തകര്‍ത്തു. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുന്നേറ്റം തുടര്‍ന്നു. അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ വീഴ്ത്തി തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി. പി.എസ്.ജിയും നാലാം തുടര്‍ വിജയമാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ ബാസലിനെ സി.എസ്.കെ.എ മോസ്‌കോ 2-1ന് പരാജയപ്പെടുത്തി.
എല്‍ ഷരാവി നേടി ഇരട്ട ഗോളുകളാണ് റോമയ്ക്ക് വിജയമൊരുക്കിയത്. കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ താരം വല ചലിപ്പിച്ച് ചെല്‍സിയെ ഞെട്ടിച്ചു. പിന്നീട് 36ാം മിനുട്ടില്‍ രണ്ടാം ഗോളും വലയിലാക്കി റോമയുടെ ലീഡുയര്‍ത്തി. ശേഷിച്ച ഗോള്‍ 63ാം മിനുട്ടില്‍ പെറോറ്റി സ്വന്തമാക്കി.
ആന്റര്‍ലെറ്റിനെതിരേ ലെയ്‌വിന്‍ കുര്‍സാവയുടെ ഹാട്രിക്ക് ഗോളുകളാണ് പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ശേഷിച്ച രണ്ട് ഗോളുകള്‍ വെറാറ്റിയും നെയ്മറും വലയിലാക്കി. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ പി.എസ്.ജി രണ്ട് ഗോളുകള്‍ വലയിലെത്തിച്ചു. 30ാം മിനുട്ടില്‍ വെറാറ്റിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നെയ്മര്‍ രണ്ടാം ഗോളും വലയിലാക്കി. പിന്നീട് മൂന്ന് ഗോളുകളും നേടി രണ്ടാം പകുതിയില്‍ കുര്‍സാവ കളം നിറയുകയായിരുന്നു. 52, 72, 78 മിനുട്ടുകളിലാണ് താരം വല ചലിപ്പിച്ചത്.
ഇരു പകുതികളിലായി നേടിയ രണ്ട് ഗോളുകളാണ് ബയേണ്‍ മ്യൂണിക്കിന് സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ വിജയമൊരുക്കിയത്. മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അഭാവത്തിലാണ് ബാവേറിയന്‍സ് പോരിനിറങ്ങിയത്. 22ാം മിനുട്ടില്‍ കിങ്‌സ്‌ലി കോമന്‍ ബയേണിനെ മുന്നിലെത്തിച്ചു. എന്നാല്‍ 74ാം മിനുട്ടില്‍ സെല്‍റ്റിക്ക് സമനില പിടിച്ചു. മൂന്ന് മിനുട്ടിനുള്ളില്‍ ജാവി മാര്‍ട്ടിനെസിലൂടെ ഗോള്‍ മടക്കിയാണ് ജര്‍മന്‍ ചാംപ്യന്‍മാര്‍ വിജയ തീരമണഞ്ഞത്.
ഖ്വരബഗിനെതിരേ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സമനിലയുമായി മുഖം രക്ഷിച്ചത്. സമാന അവസ്ഥയായിരുന്നു യുവന്റസിനും. സ്‌പോര്‍ടിങിനെതിരേ കളിയുടെ 20ാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് അവര്‍ സമനില ഗോള്‍ സ്വന്തമാക്കിയത്. കളി തീരാന്‍ പത്ത് മിനുട്ട് മാത്രം ശേഷിക്കേ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് അവര്‍ക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.
ഒളിംപ്യാകോസിനെതിരേ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ബാഴ്‌സലോണയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. മുന്‍ ഒളിംപ്യാകോസ് പരിശീലകന്‍ കൂടിയായിരുന്ന നിലവിലെ ബാഴ്‌സ കോച്ച് വെല്‍വര്‍ഡയ്ക്ക് പഴയ തട്ടകത്തിലേക്കുള്ള മടക്കം നിരാശപ്പെടുത്തുന്നതായി മാറി. എങ്കിലും സീസണില്‍ വിവിധ മത്സരങ്ങളിലായി തോല്‍ക്കാതെ കുതിക്കുന്ന ബാഴ്‌സ ആ റെക്കോര്‍ഡ് കാത്തു. അതേസമയം മത്സരത്തിനിടെ സെര്‍ജി റോബര്‍ട്ടോ, ആന്ദ്രെ ഗോമസ് എന്നിവര്‍ക്ക് പരുക്കേറ്റത് ടീമിന് തിരിച്ചടിയായി.
സ്വന്തം തട്ടകത്തില്‍ ഡാലി ബ്ലിന്‍ഡ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളും ബെന്‍ഫിക്ക താരം സമ്മാനിച്ച സെല്‍ഫ് ഗോളുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."