യു.പിയിലെ എന്‍.ടി.പി.സി നിലയത്തിലെ സ്‌ഫോടനം: മരണം 26 ആയി
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 26 ആയി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.
പരുക്കേറ്റവരെ അടിയന്തര ചികിത്സക്കായി ലഖ്‌നൗവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മരിച്ചവരെല്ലാം പ്ലാന്റിലെ തൊഴിലാളികളാണ്.
ഉന്‍ച്ഹാറിലെ എന്‍.ടി.പി.സിയുടെ 500 മെഗാവാട്ട് ബോയിലര്‍ യൂനിറ്റിലാണ് ഇന്നലെ വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടായത്. പ്ലാന്റില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു.
32 അംഗ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 25,000 രൂപയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര സഹായം പ്രഖ്യാപിച്ചു.
ഈ വര്‍ഷം ഉല്‍ഘാടനം ചെയ്ത ആറാമത്തെ യൂനിറ്റിലാണ് സ്‌ഫോടനമുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോയിലിങ് പ്ലാന്റ് എന്‍.ടി.പി.സി നവീകരിച്ചത്. നീരാവി കടന്നുപോകുന്ന കുഴലാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
സ്‌ഫോടനസമയത്ത് നൂറ്റമ്പതോളം തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് അടച്ചതായി എന്‍.ടി.പി.സി അധികൃതര്‍ അറിയിച്ചു. 210 മെഗാവാട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് യൂനിറ്റുകളുമായി 1988ലാണ് എന്‍.ടി.പി.സിയുടെ പവര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."