വിദ്യാര്‍ഥി രാഷ്ട്രീയ നിരോധനം: തിരുവായ്ക്ക് എതിര്‍വാ ഉണ്ടാവണമെന്ന് ആന്റണി
കോഴിക്കോട്: തിരുവായ്ക്ക് എതിര്‍വാ ഉണ്ടാവണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച കോടതിവിധിയെ പരാമര്‍ശിച്ചാണ് എ.കെ ആന്റണി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
കെ.എസ്.യു സംഘടിപ്പിച്ച കലാലയ രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് എല്ലാ കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള തീരുമാനം കൈക്കൊള്ളണം.
വിദ്യാര്‍ഥികള്‍ നേടിയെടുത്ത അവകാശങ്ങള്‍ എടുത്തുകളയാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
സമരം ചെയ്യാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടാവണം. കേരളത്തിലെ വിദ്യാഭ്യാസരംഗം കച്ചവടവത്കരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുന്നു.
വിദ്യാഭ്യാസ സംഘടനകള്‍ അന്യമായ ക്യാംപസുകള്‍ പട്ടാള ക്യാംപുകളാവും. കോടതി വിധികളായാലും തിരുത്തേണ്ടവ തിരുത്തണം. എതിര്‍ക്കേണ്ടവ എതിര്‍ക്കണം.
ഒരു കലാലയത്തില്‍ ഒരു സംഘടന മാത്രമേ ആവശ്യമുള്ളൂവെന്നത് ഏകാധിപത്യ പ്രവണതയാണെന്നും ആന്റണി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."