വയനാടിന് പരിരക്ഷയില്ല; കര്‍ഷകര്‍ ആശങ്കയില്‍
മാനന്തവാടി: വിള ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ചത് ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
പദ്ധതിയില്‍ രോഗ ബാധയേറ്റ് കൃഷിനാശം സംഭവിച്ച നെല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമില്ലെന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. മുന്‍ വര്‍ഷം വരെ വയനാട് ഉള്‍പ്പെടെയുള്ള നെല്‍കര്‍ഷകര്‍ക്ക് നല്‍കി വന്ന സംരക്ഷണത്തില്‍ നിന്നാണ് ഈവര്‍ഷം ജില്ലയെ ഒഴിവാക്കിയത്. ഇതോടെ രോഗബാധയേറ്റ് കൃഷി നശിച്ച കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
മുന്‍ വര്‍ഷം വരെ സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷൂര്‍ ചെയ്യുന്ന നെല്‍കര്‍ഷകരുടെ കൃഷി രോഗബാധയേറ്റ നഷ്ടം സംഭവിച്ചാല്‍ ഹെക്ടറിന് പതിനയ്യായിരം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നു.
ഇതിനായി 100 രൂപയായിരുന്നു കര്‍ഷകര്‍ അടക്കേണ്ടിയിരുന്ന പ്രീമിയം തുക. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിള ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ പ്രീമിയം തുക ഹെക്ടറിന് 250 രൂപയാക്കി ഉയര്‍ത്തുകയും നഷ്ടപരിഹാര തുക 35,000 ആയി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കീടബാധയേറ്റ് നെല്‍കൃഷിനാശം സംഭവിച്ചാല്‍ പരിരക്ഷ ലഭിക്കുന്ന ജില്ലകളുടെ പട്ടികയില്‍ നിന്നും വയനാടിനെ ഒഴിവാക്കി പാലക്കാട്, കുട്ടനാട്, കോള്‍നിലങ്ങള്‍ എന്നിവ മാത്രമാക്കി ചുരുക്കുയായിരുന്നു. ഈ കാര്യം നേരത്തെ ശ്രദ്ധയില്‍പെട്ടിട്ടും ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൃഷി വകുപ്പ് ജില്ലയിലെ മുഴുവന്‍ നെല്‍ കര്‍ഷകരെയും ഇന്‍ഷുര്‍ പദ്ധതിയില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ത്തിയിരുന്നു.
ഈ വര്‍ഷം 7956 ഹെക്ടറിലാണ് ജില്ലയില്‍ നെല്‍കൃഷിയുള്ളത്. ഇതില്‍ പാടശേഖര സമിതി മുഖേന കൃഷി നടത്തുന്ന മുഴുവന്‍ പേരും ഇന്‍ഷൂര്‍ പ്രീമിയം അടച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുമെന്നായിരുന്നു കൃഷി ഓഫിസര്‍മാര്‍ പറഞ്ഞിരുന്നത്.
ജില്ലയിലെ നെല്‍കൃഷിയെയും പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പിന് ജില്ലാ കൃഷി ഓഫിസര്‍ അഭ്യര്‍ത്ഥനയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമുണ്ടയിലെ നിരവധി കര്‍ഷകരുടെ നെല്‍കൃഷി കീടബാധയേറ്റു നശിച്ചിരുന്നു.
ഇവര്‍ കൃഷിഭവനെ സമീപിച്ചപ്പോള്‍ ഇന്‍ഷുര്‍ തുക ലഭിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. നെല്‍കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സര്‍ക്കാരാണ് വയനാട്ടിലെ കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയുമായി മുന്നോട്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."