ഇടഞ്ഞു നിന്ന പ്രവര്‍ത്തകനെ ലോക്കല്‍ സെക്രട്ടറിയാക്കി നേതൃത്വം അണികളെ ഞെട്ടിച്ചു
ഉദുമ: പാര്‍ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞ കുതിരക്കോട്ടെ പ്രവര്‍ത്തകരില്‍ നിന്നും ഒരാളെ ലോക്കല്‍ സെക്രട്ടറിയാക്കി നേതൃത്വം അണികളെ ഞെട്ടിച്ചു. പാര്‍ട്ടി അണികള്‍ക്കിടയിലുണ്ടായിരുന്ന പ്രവചനങ്ങളെയെല്ലാം തകിടം മറിച്ച് കുതിരക്കോട്ടെ ബാലനെയാണ് നേതൃത്വം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കൈവന്ന ചുമതലയാണിതെന്നു ബാലന് പറഞ്ഞു. 1992 മുതല്‍ അവിഭക്ത പനയാല്‍ ലോക്കലിലും പിന്നീട് വിഭജിച്ചപ്പോള്‍ തച്ചങ്ങാട് ലോക്കലിലും പ്രവര്‍ത്തിക്കുകയായിരുന്നു ബാലന്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗമായി 2000 മുതല്‍ തുടര്‍ച്ചയായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷക സംഘം ഉദുമാ ഏരിയാ സെക്രട്ടറിയുമായ കുഞ്ഞിരാമന് കുന്നൂച്ചി സെക്രട്ടറിയാകുമെന്നാണു കരുതിയതെങ്കിലും ആകസ്മികമായാണു ബാലനെ തെരഞ്ഞെടുത്തത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സംബന്ധിച്ച് ലോക്കല്‍ പരിധിയിലെ രണ്ടു ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ വിഷയം ഏരിയാ നേതൃത്വം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മാറ്റി വച്ചിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനം ബഹിഷ്ക്കരിക്കുകയും പാര്‍ട്ടിയോട് നിസ്സഹകരണവുമായി മുന്നോട്ടു പോകുന്ന കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസ്ഥാനത്തോടൊപ്പം അടുപ്പിച്ച് നിര്‍ത്താന്‍ ബാലന്റെ സെക്രട്ടറി സ്ഥാനം കൊണ്ട് കഴിഞ്ഞേക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."