വൈദ്യുതി വകുപ്പില്‍ പകല്‍ക്കൊള്ളയെന്ന് ആക്ഷേപം; വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിലെ കാലതാമസം ഉപഭോക്താവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു
കാസര്‍കോട്: വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ മീറ്റര്‍ റീഡര്‍മാര്‍ വൈകുന്നതു കാരണം ഉപഭോക്താക്കള്‍ വന്‍ തുക അടക്കേണ്ടി വരുന്നതായി ആരോപണം. ഗാര്‍ഹിക ആവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആദ്യത്തെ നൂറു യൂനിറ്റിന് 2 .90 പൈസയാണ് ഈടാക്കുന്നത്. 101 മുതല്‍ 200 വരെ 3 .40 രൂപയും അതിനു മുകളില്‍ മുന്നൂറു വരെ യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 4 .50 രൂപയും പിന്നെയും മുകളിലോട്ടു ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും അധിക തുകയും ഈടാക്കുന്നു. എന്നാല്‍ വൈദ്യുതി ഉപഭോഗം കണക്കാന്‍ മീറ്റര്‍ റീഡര്‍മാര്‍ ദിവസങ്ങള്‍ വൈകിയെത്തുന്നതു കാരണം ഈ യൂനിറ്റില്‍ സ്വാഭാവികമായുണ്ടാകുന്ന വര്‍ധന അധിക യൂനിറ്റായി കണക്കാക്കി കൂടുതല്‍ നിരക്ക് അടക്കേണ്ടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
ഓരോ രണ്ടു മാസത്തിലൊരിക്കല്‍ ഒന്നു മുതല്‍ പത്തിനിടയിലുള്ള ദിവസങ്ങളില്‍ റീഡിങ് എടുക്കുകയും ഉപഭാക്താക്കള്‍ക്കു ബില്‍ നല്‍കുകയും ചെയ്താല്‍ ഒരാഴ്ചക്കകം ബില്ലടക്കണമെന്നാണു നിയമം. എന്നാല്‍ അടുത്ത കാലത്തായി ജില്ലയിലെ വിവിധ സെക്ഷനുകളില്‍ മീറ്റര്‍ റീഡിങ് വൈകിയാണെടുക്കുന്നതെന്നാണ് ആരോപണം. ഒന്നു മുതല്‍ പത്തു ദിവസത്തിനിടയില്‍ എടുക്കേണ്ട റീഡിങ് ഒരാഴ്ച പിന്നിട്ടു എടുക്കുന്നതോടെ ഈ ഒരാഴ്ചത്തെ വൈദ്യുത ഉപഭോഗം സാധാരണ വീടുകളില്‍ 25 യൂനിറ്റ് വരെ ആയിട്ടുണ്ടാകും. ഇവിടെയാണ് വൈദ്യുത വകുപ്പ് പകല്‍ കൊള്ളക്കുള്ള അവസരമുണ്ടാക്കുന്നത്.
സാധാരണ വീടുകളില്‍ രണ്ടു മാസത്തേക്ക് 200 ല്‍ താഴെ യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.
ഒരാഴ്ച റീഡിങ് എടുക്കാന്‍ താമസിക്കുമ്പോള്‍ ഈ റീഡിങ് കൂടി ഉള്‍പ്പെടുന്നതോടെ ഉപയോഗം 200 യൂനിറ്റിനു മുകളിലാവും. ഇതോടെ സബ്‌സിഡി ഇല്ലാതെ മുഴുവന്‍ തുകയും അടക്കേണ്ട അവസ്ഥയാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരുന്നത്. ജില്ലയില്‍ കഴിഞ്ഞ തവണയും ഇത്തവണയും റീഡിങ് എടുക്കുന്നത് റീഡര്‍മാര്‍ വൈകിപ്പിച്ചതായി ഉപഭോക്താക്കള്‍ ആരോപിച്ചു. ഇതു കാരണം കനത്ത സാമ്പത്തിക നഷ്ടം ഉപഭോക്താക്കള്‍ അനുഭവിക്കേണ്ടി വരുകയും ചെയ്തു.
ഇതിനു പുറമെ മഴക്കാലം വന്നതോടെ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും വൈദ്യുത ഉപയോഗം കുറവായിരുന്നു. എന്നാല്‍ പുതിയ റീഡിങ് പ്രകാരം നല്‍കിയ ബില്ല് കണ്ടു പലരുടെയും കണ്ണ് തള്ളി. അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സമയത്ത് പോലും ഉപയോഗിക്കുന്ന വൈദ്യുത ഉപയോഗത്തിനെക്കാളും കൂടുതല്‍ റീഡിങ് രേഖപ്പെടുത്തിയും മറ്റുമാണ് പല ഉപഭോക്താക്കള്‍ക്കും ബില്ലുകള്‍ ലഭിച്ചത്. പരാതിയുമായി പോയ ചിലര്‍ക്ക് അധികൃതര്‍ ബില്‍ തുക കുറച്ചു കൊടുക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."