പ്രഭാകരന്‍ കമ്മിഷന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: ചെന്നിത്തല
കാസര്‍കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പ്രഭാകരന്‍ കമ്മിഷന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും പണം അനുവദിക്കുന്നതിലും ഇപ്പോള്‍ കാലതാമസം നേരിടുന്നുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ രമേശ് ചെന്നിത്തലയെ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചെന്നിത്തല എം.എല്‍.എക്കു ഉറപ്പ് നല്‍കി. പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ടു ജില്ലയിലെ യു.ഡി.എഫ് നേതാക്കളോടൊപ്പം രമേശ് ചെന്നിത്തലയും ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു എന്‍.എ നെല്ലിക്കുന്ന് ഇക്കാര്യം ഉന്നയിച്ചത്. ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തിലെ അലംഭാവം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച പെന്‍ഷനടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
തുളു അക്കാദമി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഇക്കാര്യം സാംസ്‌കാരിക മന്ത്രിയെ അറിയിക്കുമെന്ന് ചെന്നിത്തല സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ഇന്നലെ രാവിലെ ജാഥാ ക്യാപ്റ്റന്‍ കൂടിയായ പ്രതിപക്ഷ നേതാവിനെ കാണാനെത്തിയപ്പോഴായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചത്.
പഴയകാല യു.ഡി.എഫ് പ്രവര്‍ത്തകരുമായും രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. അതേസമയം, പടയൊരുക്കം പരിപാടിയുടെ തുടക്കം ഗംഭീരമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍.
പടയൊരുക്കത്തിന്റെ പ്രചാരണ പ്രവര്‍ത്തനം യു.ഡി.എഫിന്റെ താഴെതട്ടിലെ അണികളിലേക്കടക്കമെത്തിയെന്നതിന്റെ തെളിവാണ് സ്വീകരണ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."