മൈക്രോയിസവും സാഹിത്യവും
പൊതുവെ യുക്തിക്കു നിരക്കാത്ത രചനാസമ്പ്രദായമായിട്ടാണു ലഘു ആഖ്യാനകലയെ നാം കണക്കാക്കിയിട്ടുള്ളത്. ലഘു ആഖ്യാനം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയുടെ ഞരമ്പുകള്‍ ആദ്യം തിരിയുന്നത് ജാപ്പനീസ് ഹൈക്കുവിലേക്കാണ്. 'മൂന്ന് ' എന്ന ഗണിതത്തിന്റെ വിസ്തീര്‍ണത്തിനകത്തു വച്ചു നിര്‍മിക്കപ്പെടുന്ന ഈ മീറ്റര്‍ വാക്യങ്ങള്‍ മാത്രമല്ല പക്ഷേ, ലഘു ആഖ്യാന കലയില്‍പ്പെടുന്നത്. അങ്ങനെ ചിന്തിച്ചാല്‍ ഇന്നിവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ മൈക്രോ രചനകളും അക്ഷരങ്ങള്‍ക്കുള്ള പാകമാകാത്ത ഉടുപ്പു നിര്‍മാണമായിരിക്കും. ചെറിയ രചനകള്‍ മന്ദഗതിയില്‍ നീങ്ങുന്ന വാക്കുകളുടെ കലയല്ല. മറിച്ച് അതിനകത്ത് ഉപയോഗിക്കപ്പെടുന്ന പദങ്ങളുടെ ഈണമാണത്.
അതു വാക്കുകളുടെ പുതിയ കല സൃഷ്ടിക്കലാണ്. രചനയ്ക്കു ചില നേരങ്ങളില്‍ അര്‍ഥവത്തായ ഒരു പാറ്റേണ്‍ നിര്‍മിക്കാന്‍ ലഘു ആഖ്യാന കലയ്‌ക്കേ കഴിയുകയുള്ളൂ. ഫാസിസത്തിനെതിരേ ഇവിടെ ഒരുപാടു പ്രബന്ധങ്ങള്‍ എഴുതപ്പെട്ടു. കുറച്ചധികം ഡയസുകള്‍ നാം വിനിയോഗിച്ചു. പക്ഷേ അതൊക്കെയും അപൂര്‍ണമായിരുന്നു. അത്രയൊന്നും പ്രസിദ്ധനല്ലാത്ത ഹാരിസ് മാനന്തവാടി എന്ന എഴുത്തുകാരന്റെ 'കഥ' എന്ന ശീര്‍ഷകത്തിലുള്ള മൂന്നുവരി കഥ അതിനെ ഒക്കെയും അട്ടിമറിച്ചു. ഏറ്റവും മികച്ച ആന്റി ഫാസിസ്റ്റ് കഥയായി അതിനെ കുരീപ്പുഴ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഇന്നു കേരളമാകെ പ്രചരിപ്പിക്കുന്നുണ്ട്.
ഒരിടത്ത് ഒരാള്‍ ചോറും ബീഫും
തിന്നുകയായിരുന്നു.
കഥ കഴിഞ്ഞു.
കഥ ഹാരിസ് മാനന്തവാടി (ആറ് ആന്റി ഫാസിസ്റ്റ് കഥകള്‍സൈക്കിള്‍ ബുക്‌സ്, കണ്ണൂര്‍)
ലഘു ആഖ്യാനം കഥയിലെ മാത്രം പ്രവണതകളല്ല. കവിതയിലും നോവലിലും ആത്മകഥയിലും ഓര്‍മയെഴുത്തിലും ഇതേ മൈക്രോസാന്നിധ്യങ്ങളുണ്ട്. ഫാസിസത്തിന്റെ തീവ്രതയും ഭക്ഷണസംസ്‌കാരത്തിന്റെ സ്വാതന്ത്ര്യത്തിനേറ്റ പരുക്കുകളും ഇത്രയും ചെറിയ വാക്കുകളില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതു ഭാഷയിലെ ഡ്രിമ്മിങ് എന്ന കല സമ്മാനിച്ച 'മൈക്രോ പവര്‍' (ങശരൃീ ജീംലൃ) തന്നെയാണ്.
വാരാന്ത്യങ്ങളും മൈക്രോയിസവും
കേരളത്തിലെ ലഘു ആഖ്യാനകലയെ പോഷകമൂല്യമുള്ള അക്ഷര ജൈവക്കൃഷിയായി തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും ഇവിടുത്തെ പത്രങ്ങളോടൊപ്പം വരുന്ന വാരാന്ത്യപ്പതിപ്പുകളാണ്. ഇതു പ്രസിദ്ധീകരണത്തിന്റെ പുതിയ റിഥമാണ്. വാക്കുകളുടെ ചെറിയ ശ്രുതിവാദ്യങ്ങള്‍ കൊണ്ടു വായനക്കാരന്റെ ഉള്ളില്‍ വലിയ വിചാരസ്വരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അതിന്റെ അമരക്കാര്‍ വിശ്വസിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയ രചനകള്‍ക്ക് ഇടംനല്‍കുക എന്നതുതന്നെയായിരിക്കണം അവയ്ക്കു പിന്നിലെ സദുദ്ദേശ്യം. വായനക്കാരന്റെ ബോധം ശൂന്യതയില്‍ ചെന്നുചേരാതിരിക്കാന്‍ ചില നേരങ്ങളില്‍ തുണയാകുന്നതു ചെറിയ മീറ്ററുകളിലുള്ള ഈ സ്പാര്‍ക്കുകളാണ്. ചെറിയ വരികള്‍ക്കിടയിലെ ഭാവഗതി ഭാഷയുടെ ഈണത്തില്‍ സംഭരിച്ചുവയ്ക്കുന്ന അഭിവ്യഞ്ജനകലയാണിത്.
വിശിഷ്ടപദരചനകള്‍ കൊണ്ടു നമ്മുടെ ആസ്വാദനഭിത്തികളെ പ്രതിധ്വനിപ്പിക്കാന്‍ സാധിക്കുമെന്നു മലയാളിയെ പഠിപ്പിച്ചതും 'വാരാന്ത്യങ്ങളി'ല്‍ പ്രത്യക്ഷപ്പെടുന്ന കുറുംരചനകള്‍ തന്നെയാണ്. ബൃഹദാഖ്യാനങ്ങള്‍ ചിലപ്പോള്‍ അടച്ചിട്ട ലോകങ്ങള്‍ തീര്‍ക്കുകയും വായനയുടെ പീഡാനുഭവങ്ങള്‍ ബോധത്തോടൊപ്പം ചേര്‍ത്തുതുന്നുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നൊരു വിമോചനം പ്രഖ്യാപിക്കാനാണ് 'വീക്കെന്‍ഡ് ' സംസ്‌കാരം ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതു വായനയെ സംബന്ധിച്ച ഭാവനാപരമായ മനഃശാസ്ത്രമാണ്. അതുകൊണ്ടുതന്നെ വാരാന്ത്യങ്ങള്‍ വായനക്കാരനുള്ള അലിഖിത മനഃശാസ്ത്രമാണ്.
മൈക്രോയിസവും
പുസ്തകസംസ്‌കാരവും
മൈക്രോ സാഹിത്യത്തെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും ബഷീറില്‍ നിന്നാണ് ആരംഭിക്കേണ്ടത്. ബഷീറിന്റെ നോവലുകളെല്ലാം മൈക്രോ നോവലുകളാണ്. 'ആനവാരിയും പൊന്‍കുരിശും', 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നിവ വലിയ ഉദാഹരണങ്ങളാണ്. മുകുന്ദനും അക്ബര്‍ കക്കട്ടിലുമൊക്കെ മൈക്രോ രചനയില്‍ ഏര്‍പ്പെട്ടവരാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ 'നാം ഇരുവര്‍' എന്ന മൈക്രോ നോവല്‍ രണ്ടുതലങ്ങളില്‍ ചിന്തിക്കുന്ന, രണ്ടുതരത്തില്‍ ചലിക്കുന്ന, രണ്ടുരീതിയില്‍ ജീവിക്കുന്ന സഹോദരങ്ങളുടെ കഥയാണ്. ചെറിയ ആഖ്യാനങ്ങള്‍ കൊണ്ടു വലിയ കാന്‍വാസുകള്‍ തീര്‍ക്കാന്‍ ഇവരൊക്കെയും ശ്രമിക്കുന്നുണ്ട്.
വീരാന്‍കുട്ടിയുടെ 'തൊട്ടു തൊട്ടു നടക്കുമ്പോള്‍' എന്ന എസ്.എം.എസ് കവിതകള്‍ കവിതയിലെ മൈക്രോയിസത്തിന്റെ ഉദാത്ത ഉദാഹരണമാണ്. കുരീപ്പുഴ ശ്രീകുമാറിന്റെ 'നഗ്‌നകവിതകള്‍' പ്രതിഷേധത്തിന്റെ കൊടും ഫലിതങ്ങളാണ്. ഈ ചെറുതുകളിലൊക്കെയും വാക്കുകളുടെ അഗ്നിക്കാവടി സംഭവിക്കുന്നുണ്ട്.
എഴുന്നേറ്റു
നില്‍ക്കാനുള്ള
നിഴലിന്റെ
ആഗ്രഹമാണ്
മരങ്ങള്‍.
- എഴുന്നേറ്റു നില്‍ക്കാനുള്ള വീരാന്‍കുട്ടി വീരാന്‍കുട്ടിയുടെ കവിതകള്‍ (ഡി.സി).
കവിതയിലാണിന്ന് മൈക്രോയിസത്തിന്റെ ജീവിതപ്പാടുകള്‍ അധികവുമുള്ളത്. സാമൂഹികവും രാഷ്ട്രീയവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഉപകരണമായി കവിതയിലെ ഈ ഇടപെടല്‍ മാറുകയാണ്.
നീ എന്ന വാക്കില്‍
നീ മാത്രമല്ല
ഞാനും.
- ഞാനും നീയും തനിച്ചാകുമ്പോള്‍ രാധിക സി. നായര്‍(ഗ്രീന്‍പെപ്പര്‍ പബ്ലിക്ക).
സ്വാര്‍ഥതയുടെ കാലത്തെ പിഴുതൂരിക്കളയാന്‍ ചെറിയ ചെറിയ വാക്യങ്ങള്‍ക്കാവുമെന്ന് ഈ കവിയും വിശ്വസിക്കുന്നു. അങ്ങനെ കവിതയിലെ മൈക്രോയിസവും നല്ല വേരോട്ടമുള്ള യാഥാര്‍ഥ്യമായി സംഭവിക്കുകയാണ്.
ഏറ്റവും ചെറിയ ഓര്‍മപുസ്തകം ഒ.വി വിജയന്റെ 'സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍ മീന്‍' ആണ്. കരുണാകരഗുരുവിനുള്ള ശ്രദ്ധാഞ്ജലിയാണീ കുറുംഓര്‍മപുസ്തകം. ജി. പ്രജേഷ് സെന്‍ ചിട്ടപ്പെടുത്തിയ മല്ലികാര്‍ജുനന്‍ കാണിയുടെ 'ഏകലവ്യന്റെ വിരല്‍' എന്ന പുസ്തകമായിരിക്കും മലയാളത്തിലെ ഏറ്റവും ചെറിയ ആത്മകഥ. നഗരവാസികള്‍ പിഴുതെറിഞ്ഞ വനവാസിയുടെ നന്മകള്‍ വീണ്ടും കിളിര്‍പ്പിക്കാന്‍ ഉദ്യമിച്ച മല്ലികാര്‍ജുനന്‍ കാണിയുടെ ജീവിതമാണ് ഈ മൈക്രോ ആത്മകഥയിലുള്ളത്.
മൈക്രോകഥയെ മലയാളിയുടെ ഇഷ്ടവിഭവങ്ങളിലൊന്നാക്കി മാറ്റിയതു മിന്നല്‍ക്കഥയുടെ തച്ചനായ പി.കെ പാറക്കടവാണ്. ഇന്നുപക്ഷേ, മൈക്രോകഥകളുടെ പുസ്തകങ്ങള്‍ ഒരുപാടുണ്ടാകുന്നുണ്ട്.
അവന്‍ സങ്കടപ്പെട്ടു:
ഇപ്പോള്‍ കവിതയൊക്കെയും
കഥയായിക്കൊണ്ടിരിക്കുകയാണല്ലോ!'
അവര്‍ ചിരിച്ചു:
'ഓ! ട്രാന്‍സ്ജന്‍ഡേഴ്‌സ്!'
- ട്രാന്‍സ്ജന്‍ഡേഴ്‌സ്‌ഗ്രേസിയുടെ കുറും കഥകള്‍ ഗ്രേസി(ഗ്രീന്‍പെപ്പര്‍ പബ്ലിക്ക).
ഒരു വൃക്കകൊണ്ട് ഒരു മകളെ പടിയിറക്കി
അടുത്തതു കൊണ്ട് രണ്ടാമത്തവളെയും ഇറക്കാം
അപ്പോഴും ഇളയവള്‍ ബാക്കി
ദൈവമേ, വൃക്കയുടെ വില ശവത്തിനും കിട്ടിയിരുന്നെങ്കില്‍
- താതവിലാപം സോക്രട്ടീസ് കെ. വാലത്ത് എ.ഡി. 2025 (സൈകതം ബുക്‌സ്).
ആയുസിന്റെ ദൈര്‍ഘ്യം കുറഞ്ഞുവരുന്നതുപോലെ തന്നെ ബൃഹദ്‌രചനകളുടെയും ആയുസ് കുറഞ്ഞുവരികയാണ്. അപ്പോള്‍ നാം ചെറിയ എഴുത്തുകള്‍ക്കു ദൃഷ്ടിയൂന്നേണ്ടി വരും. അതിന്റെ സൂചനകളാണ് വി.എച്ച് നിഷാദും അശ്രഫ് ആഡൂരും എസ്.ആര്‍ ലാലും സുകേതുവും എം. രാജീവ്കുമാറുമൊക്കെ തങ്ങളുടെ മൈക്രോ രചനകളിലൂടെ വെളിപ്പെടുത്തികൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."