തലശ്ശേരി കുഴല്‍പ്പണ വേട്ട: അന്വേഷണം ബംഗളൂരുവിലേക്ക്
തലശ്ശേരി: പൊലിസും ആര്.പി.എഫും സംയുക്തമായി തലശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ മൂന്നര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട അന്വേഷണം ബംഗളൂരുവിലേക്കു വ്യാപിപ്പിച്ചു. കേസ് അന്വേഷണം പൊലിസില്‍നിന്ന് കോഴിക്കോട് എന്‍ഫോഴ്സമെന്റ് വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. കൊടുവള്ളി സ്വദേശി പെരുന്തോട്ടത്തില്‍ വീട്ടില്‍ പി.ടി ഷാലിഖ് (26), കൊടുവള്ളി കരിപ്പംപൊയില് പൊന്‍പാറക്കല്‍ വീട്ടില്‍ പി.പി ഇഖ്ബാല്‍ (30) എന്നിവരെയാണ് തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ പ്രതികളെ പണമടങ്ങിയ ബാഗുമായി പൊലിസും ആര്.പി.എഫും പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ വില്പന നടത്തിയ സ്വര്‍ണത്തിന്റെ പണമായിരുന്നു പിടികൂടിയതെന്ന് പിടിയിലായ യുവാക്കള്‍ പൊലിസിന് മൊഴിനല്‍കി. കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ ഇടനിലക്കാരായിരുന്നു പിടികൂടിയ യുവാക്കള്‍. നേരത്തെയും നിരവധി തവണ പണം കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവര്‍ പൊലിസിന്റെ വലയിലാകുന്നത്. കൊടുവള്ളിയില്‍ ഒരാള്‍ക്ക് നല്‍കാനുള്ളതായിരുന്നു പിടികൂടിയ പണം. നേരത്തെ 3.25 കോടി രൂപയാണ് പിടികൂടിയതെന്ന് പൊലിസ് വ്യക്തമാക്കിയെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ അതു 3.5 കോടിയാണെന്ന് കണ്ടെത്തി. പണം കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."