വന്‍ പുകയില ഉല്‍പന്നവേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
പേരാവൂര്‍: എക്സൈസിന്റെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ വന്‍ പുകയില ഉല്‍പന്നവേട്ട.
പേരാവൂര്‍ എക്സൈസ് കമ്മിഷണര്‍ സ്ക്വാഡ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അജയനും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ ഒരുലക്ഷം രൂപ വിലവരുന്ന 1500 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തശേഷം ഇവര്‍ക്കെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള വാഹന പരിശോധനക്കിടെ ഇരിട്ടി റോഡില്‍ നിന്ന് ഹാന്‍സ് മൊത്തവിതരണക്കാരനായ തമിഴ്നാട് സ്വദേശി പുഷ്പരാജനെയാണ് എക്സൈസ് സംഘം ആദ്യം പിടികൂടിയത്. പിന്നീട് ചാണപ്പാറയില്‍ പൊട്ടയില്‍ സാബു എന്നയാളുടെ വീട്ടിലും കടയിലും തുടര്‍ന്ന് ലോറി ഡ്രൈവറായ ഞാറ്റുവീട്ടില്‍ ധനേഷിന്റെ വീട്ടിലും റെയ്ഡ് നടത്തിയതോടെയാണ് പാന്‍മസാല ശേഖരം പിടിയിലായത്. മേഖലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പുകയില ഉല്പന്നങ്ങള് വില്പന നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ റെയ്ഡുകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന്് ഇന്‍സ്പക്ടര്‍ കെ. അജയന് പറഞ്ഞു. റെയ്ഡില്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം കമ്മിഷണര്‍ സ്ക്വാഡും പേരാവൂര്‍ റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി ജോണ്‍, പ്രിവന്റിവ് ഓഫിസര്‍മാരായ എം.പി സജീവന്, കെ.പി പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എം ജയിംസ്, സതീഷ് വിളങ്ങോട്ടുഞാലില്‍, സി.പി ഷാജി, ബൈജേഷ് കെ, സതീഷ് വി.എന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."